തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇ ബസ്സുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ വരികയും ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാര്‍ രംഗത്ത്.
ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല.ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. കേരളത്തിൽ നികുതി കൂടുതലാണ്. അതിനാൽ വാഹന രജിസ്ട്രേഷൻ വരുമാനം പുറത്ത് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇലക്ട്രിക് ബസ് നഷ്ടമാണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് റോബിൻ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് ഓണർ ആൻ്റ് മാനേജിങ് ഡയറക്ടർ ബേബി ഗിരീഷ്. താൻ പഴഞ്ചനായതുകൊണ്ടല്ല അതു ശരിവെക്കുന്നത്. നിസ്സാര തുക വാങ്ങി സർവീസ് നടത്തിയാൽ ഒരു കോടി രൂപ വില കൊടുത്ത് വാങ്ങുന്ന ഇലക്ട്രിക് ബസിൻ്റെ മുതൽമുടക്ക് തിരിച്ചുപിടിക്കാനാകില്ല. ഒരു കോടി രൂപയ്ക്ക് ഒരു വണ്ടി എടുക്കുന്നതാണോ മൂന്നു വണ്ടി എടുക്കുന്നതാണോ ലാഭമെന്നും ബേബി ഗിരീഷ് ചോദിച്ചു.
യാത്രക്കാരിൽനിന്ന് 10 രൂപ വാങ്ങി സർവീസ് നടത്തിയാൽ ഇലക്ട്രിക് ബസിൻ്റെ മുതൽമുടക്ക് തിരിച്ചുവരില്ല. പരമാവധി 15 വർഷം മാത്രമേ ഈ വണ്ടി ഓടിക്കാനാകൂ. അതിനിടെ രണ്ടു തവണ ബാറ്ററി മാറേണ്ടിവരും. ഒരു തവണ ബാറ്ററി മാറുന്നതിന് 40 ലക്ഷം രൂപ എങ്കിലും വേണ്ടിവരും. അതിനു സമയമാകുമ്പോഴേക്കും ഈ വണ്ടി തേവര യാർഡിൽ കിടക്കും, നമ്മുടെ ജൻറം ബസ് കിടക്കുന്നത് പോലെ. ഒരു കോടി രൂപയ്ക്ക് ഒരു വണ്ടി എടുക്കുന്നതാണോ മൂന്നു വണ്ടി എടുക്കുന്നതാണോ ലാഭം? ഗണേഷ് കുമാർ പറഞ്ഞതിൽ പോയിൻ്റുണ്ട്. അത് മനസ്സിലാക്കാനുള്ള വിവരം മേയർ ആര്യാ രാജേന്ദ്രനുണ്ടോ? ഇനി ഇലക്ട്രിക് വണ്ടിയേ പറ്റുകയുള്ളൂവെന്ന് എന്തടിസ്ഥാനത്തിലാണ് അവർ പറഞ്ഞതെന്നും ബേബി ഗിരീഷ് ചോദിക്കുന്നു.
ഒരു കോടി രൂപ വിലയുള്ള വണ്ടി വാങ്ങി വെറും 10 രൂപയ്ക്ക് ഓടാൻ വിട്ടാൽ കളക്ഷനൊക്കെ കുറേ കിട്ടുമായിരിക്കും, പക്ഷേ മെയിൻ്റനൻസ് നടക്കില്ല. എന്തായാലും ഗണേഷ് കുമാറിനെ പിന്തിരിപ്പനാക്കും. മുൻ മന്ത്രി ആൻ്റണി രാജു ഉള്ളപ്പോൾ 10 രൂപയ്ക്ക് ഓടിക്കൊണ്ടിരുന്ന ബസ് ഗണേഷ് കുമാർ നിർത്തിച്ചു എന്നായിരിക്കും കേൾക്കാൻ പോകുന്നതെന്നും ബേബി ഗിരീഷ് പറഞ്ഞു.
നല്ല വിവരവും വിദ്യാഭ്യാസവും പ്രവർത്തിപരിചയവും ഉള്ള മനുഷ്യനാണ് ഗണേഷ് കുമാർ. അദ്ദേഹത്തെ സ്റ്റേജിൽ കയറ്റിയിരുത്തിയിട്ട് കൂടെയുള്ളവർ തന്നെ തുണിപറിച്ചുകളഞ്ഞില്ലേ. പുള്ളിയുടെ കൂടെയുള്ളവർ തന്നെയാണ് അദ്ദേഹത്തെ എതിർത്തത്. താൻ അന്നേ പറഞ്ഞതാണ്, മന്ത്രി മാത്രമേ മാറുന്നുള്ളൂ. ചുറ്റുപാടം ഉള്ളവർ മാറില്ല- അദ്ദേഹം പറഞ്ഞു.
മന്ത്രിയാകുന്നതിന് മുൻപേ തനിക്കെതിരെയാണ് ഗണേഷ് കുമാർ സംസാരിച്ചത്. കോടതി പറയുന്നതിനനുസരിച്ച് ബസ് ഓടിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയെങ്കിൽ ചോദിക്കട്ട, തനിക്ക് പെർമിറ്റ് ലഭിച്ചത് കേരള സർക്കാരിൽനിന്ന് തന്നെയാണ്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പെർമിറ്റ് നൽകിയത്. അവര് തന്നെയാണ് തന്നെ പിടിക്കുന്നതും.
നിയമത്തിൽ പ്രശ്നമുണ്ടെങ്കിൽ പെർമിറ്റ് തരാതിരുന്നാൽ പോരെ, അല്ലെങ്കിൽ കേന്ദ്രത്തോട് ചോദിച്ചാൽ തീരുന്ന വിഷയമല്ലേ ഉള്ളൂ. അതിനാണ് തന്നെപ്പോലൊരു സാധാരണക്കാരൻ ഹൈക്കോടതിയിൽ പോയി ലക്ഷങ്ങൾ ചെലവാക്കി കേസ് നടത്തി നീതി നേടിയിട്ടുവരാൻ ഗണേഷ് കുമാർ പറഞ്ഞത്. ഒരു സാധാരണക്കാരൻ ചെയ്യേണ്ട കാര്യമാണോ അത്. കോടതിയിൽ പോയി അനുകൂല വിധി നേടട്ടെയെന്നു വെറുതെ അങ്ങ് പറഞ്ഞാൽ അതിന് മറുപടി പറയാൻ നമുക്കും അറിയാമെന്നും ഗിരീഷ് പറഞ്ഞു.