KeralaNews

കാവ്യാമാധവന്റെ സഹോദരനേയും ഭാര്യയേയും വിസ്തരിച്ചു

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ രണ്ടു സാക്ഷികളെ വിസ്തരിച്ചു. നടി കാവ്യാ മാധവന്റെ സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ റിയ എന്നിവരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിച്ചത്. രാവിലെ 11 നു തുടങ്ങിയ വിസ്താരം വൈകിട്ട് മൂന്നുവരെ നീണ്ടു. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഇന്ന് അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെതിരേ വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മാപ്പുസാക്ഷിയായ വിപിന്‍ വിചാരണ പൂര്‍ത്തിയാകുന്നതിനു മുമ്പ് ജയില്‍ മോചിതനായതിനെ തുടര്‍ന്നു കേസിലെ എട്ടാം പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇയാള്‍ക്കെതിരേ വിചാരണ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇയാളെ കോടതിയില്‍ വിസ്തരിക്കുന്നതിനു തീരുമാനിച്ചതാണ്.

വിസ്താരത്തിനു അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ പോലീസിനു വിചാരണ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് പരിഗണിച്ച സമയത്ത് ഇയാളെ കണ്ടെത്താനായില്ലെന്നു പോലീസ് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നു വിചാരണ ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വിപിന്‍ലാല്‍ കേസിലെ പത്താം പ്രതിയായിരുന്നു പിന്നീടാണ് ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

വിപിന്‍ മറ്റൊരു കേസിലും പ്രതിയായി റിമാന്‍ഡില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുകയായിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയായ സാഹചര്യത്തില്‍ ജയിലില്‍ നിന്നു വിട്ടയച്ചുവെന്നു ജയില്‍ സൂപ്രണ്ട് വിചാരണ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മാപ്പുസാക്ഷിയായ ഇയാളെ വിട്ടയയ്ക്കാന്‍ പാടില്ലെന്ന വിവരം അറിയില്ലെന്നാണ് സൂപ്രണ്ട് ബോധിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button