കൊച്ചി:മലയാള സിനിമയിലെ ബോക്സ് ഓഫീസ്, ജനപ്രിയ ഹിറ്റുകളെടുത്താൽ അതിൽ വർഷങ്ങളായി തുടരുന്ന സിനിമയാണ് മീശ മാധവൻ. 2002 ൽ റിലീസ് ചെയ്ത സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ ഒരു പ്രിയപ്പെട്ട കഥയായി നിൽക്കുന്നു.
ലാൽ ജോസ് എന്ന സംവിധായകൻ, ദിലീപെന്ന നായകൻ, കാവ്യ മാധവനെന്ന നടി എന്നിവർക്കെല്ലാം കരിയറിൽ വലിയ വഴിത്തിരിവായി മീശ മാധവൻ എന്ന സിനിമ മാറി.
ഐക്കണിക്കായ കോമഡി രംഗങ്ങൾ, കഥാപാത്രങ്ങൾ, റൊമാന്റിക് ഗാനങ്ങൾ തുടങ്ങിയവയെല്ലാം മീശ മാധവനെന്ന സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചു.
ഒരു കൊമോഷ്യൽ സിനിമയുടെ എല്ലാ ഘടകങ്ങളും കൃത്യമായി ഒത്തു ചേർന്നതാണ് ഈ ലാൽ ജോസ് ചിത്രത്തെ തുണച്ചത്. ഒരു കള്ളനെയും ഗ്രാമത്തെയും ഗ്രാമ വാസികളെയും മികച്ച രീതിയിൽ ലാൽ ജോസ് ബിഗ്സ്ക്രീനിലെത്തിച്ചു.
എന്നാൽ ഈ സിനിമ ഒരുക്കാൻ വേണ്ടി ലാൽ ജോസെടുത്ത ബുദ്ധിമുട്ടുകൾ ചെറുതല്ല. മുമ്പൊരിക്കൽ സഫാരി ടിവിയിൽ സംസാരിക്കവെ ലാസ്‍ ജോസ് ഇതേപറ്റി വിശദീകരിച്ചിരുന്നു.
കാവ്യ മാധവനായിരുന്നു അതിലെ ഒരു നായിക. അവരന്ന് ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന സിനിമയുടെ തമിഴിലോ മറ്റോ ഡബ്ബിംഗിലോ ഷൂട്ടിംഗിലോ ആണ്.
ഊമയായി അഭിനയിച്ച പെൺകുട്ടി തന്നെ ഡബ് ചെയ്യണമെന്ന് പറഞ്ഞ് മീശമാധവന്റെ ഷൂട്ടിംഗ് മുടങ്ങുമെന്ന അവസ്ഥയുണ്ടായി. കുറച്ച് ക്ലാഷുണ്ടായി.
ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ട് വർഷത്തേക്ക് ബാൻ ചെയ്യാൻ തീരുമാനിച്ചതും മീശമാധവന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ്.
ദിലീപ് ഭയങ്കര ഡിപ്സ്ഡ് ആയി. ചിങ്ങമാസം എന്ന പാട്ടെടുക്കുന്നതനിടെയാണ് ഇവനെ ബാൻ ചെയ്തെന്ന വാർത്ത വരുന്നത്. ദിലീപിനെ അന്ന് താൻ ആശ്വസിപ്പിച്ചെന്നും ലാൽ ജോസ് പറഞ്ഞു.
ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് ഈ മാരണങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ദിലീപിനെതിരെയുള്ള കേസ്, ഊമയായി അഭിനയിച്ച സിനിമയിലെ നായിക തന്നെ ഡബ് ചെയ്യണമെന്ന് പറഞ്ഞ് അവർ വരാതെ ഷൂട്ടിംഗ് മുടങ്ങുക, അങ്ങനെയുള്ള കുറേ പ്രശ്നങ്ങൾ ഫേസ് ചെയ്തിരുന്നു.
സിനിമ പരാജയപ്പെടുമെന്ന് പലരും കരുതി, ചില സീനുകൾ കട്ട് ചെയ്യണമെന്ന് വരെ ആവശ്യം വന്നു. എന്നാൽ സിനിമ തന്റെ കരിയറിസെ വഴിത്തിരിവായി മാറുകയാണുണ്ടായതെന്ന് ലാൽ ജോസ് പറയുന്നു.
‘മീശമാധവൻ എന്റെ കരിയറിന് നവോൻമേഷമുണ്ടാക്കി. ദിലീപെന്ന നടൻ സൂപ്പർ സ്റ്റാറെന്ന് വിളിക്കപ്പെട്ടു’
‘ദിലീപിനെ താരമെന്ന് പത്രങ്ങൾ വിശേഷിപ്പിച്ചു. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ മീശ മാധവനാണ്. അതിനേക്കാൾ കലക്ട് ചെയ്ത സിനിമകളുണ്ട്. ടിക്കറ്റ് നിരക്കിലെ മാറ്റം കൊണ്ട്’
എവിടെ ചെന്നാലും ഇപ്പോഴും മീശമാധവന്റെ സംവിധായകനെന്ന് പറഞ്ഞാണ് ആളുകളെന്നെ പരിചയപ്പെടുത്തുക. മീശമാധവൻ എന്റെ കരിയറിനെ മലയാള സിനിമയിൽ ഉറപ്പിച്ച് നിർത്തി. പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായെന്നും ലാൽ ജോസ് അന്ന് ഓർത്തു.
ദിലീപ്-ലാൽ ജോസ് എന്ന കൂട്ടുകെട്ട് മലയാള സിനിമാ രംഗത്ത് ശക്തമായ സാന്നിധ്യമാവുന്നതും മീശമാധവന് ശേഷമാണ്. ദിലീപ് ജനപ്രിയ നായകനായും ലാൽ ജോസ് ജനപ്രിയ സംവിധായകനായും വളർന്നു.
അതേസമയം ഇന്ന് രണ്ട് പേർക്കും കരിയറിലെ മോശം സമയമാണ്. കേസിലും വിവാദങ്ങളിലും പെട്ട ദിലീപിന്റെ കരിയർ ഗ്രാഫ് കുത്തനെ താഴ്ന്നു. ലാൽ ജോസിന്റെ സിനിമകൾ പുതിയ കാലത്തെ പ്രേക്ഷകർക്ക് രസിക്കുന്നില്ലെന്ന വിമർശനവും വന്നു.