കത്വ കൂട്ട ബലാത്സംഗം: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്നു പ്രതികള്‍ക്ക് 5 വര്‍ഷം തടവ്
പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൂട്ട ബലാത്സംഗം ചെയ്ത്കൊന്ന കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5 കഠിന തടവിനും കോടതി ഉത്തരവിട്ടു. പത്താന്‍കോട്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
സഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.
സഞ്ജി റാമിനു പുറമേ ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സഞ്ജി റാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവിലിടുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തത്. സഞ്ജി റാമിന്റെ ബന്ധുവാണ് ആനന്ദ് ദത്ത്. സ്പെഷ്യല്‍ ഓഫീസര്‍മാരായ ദീപക് ഖജൂരി, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തിയിരുന്നു.
2018 ജനുവരിയിലായിരുന്നു രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ജനുവരി 17നാണ് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.