കാസര്‍ഗോഡ്: കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍ഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം കസ്റ്റംസ് സ്ഥിരീകരിച്ചു. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ ഇയാളെ ചോദ്യം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നില്‍ ഇയാള്‍ ഹാജരാകണം. ഇയാള്‍ക്കെതിരെ ചില തെളിവുകള്‍ ലഭിച്ചതായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സൂചന നല്‍കി.
രോഗത്തില്‍ നിന്ന് മുക്തി നേടുന്ന മുറയ്ക്ക് ഇയാളെ ഡിആര്‍ഐ വിശദമായി ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞത്. കാസര്‍ഗോഡ് സ്വദേശിക്ക് സ്വര്‍ണ കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആളുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തെളിവുകളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇയാളെ ചോദ്യം ചെയ്യുകയെന്നും കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി.
അതേസമയം, ഇയാളുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇയാള്‍ കണ്ണൂര്‍ എത്തിയതായി റൂട്ട് മാപ്പില്‍ സ്ഥിരീകരണമില്ല. രോഗി കല്ല്യാണത്തിനും ജുമാ നമസ്‌കാരത്തിലും പങ്കെടുത്തതായി റൂട്ട് മാപ്പില്‍ വ്യക്തമായിട്ടുണ്ട്. രോഗിയില്‍ നിന്ന് പൂര്‍ണമായും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യാത്രാ വിവരങ്ങള്‍ പുറത്തുപറയാന്‍ ഇയാള്‍ തയ്യാറാകുന്നില്ല എന്നാണ് ലഭിക്കുന്ന സൂചന.