ന്യൂഡൽഹി:ദില്ലി: കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും മാധ്യങ്ങളും തമ്മില്‍ പരസ്യമായ പോര്. കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തനിക്ക് ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് വിവേക് അഗ്നിഹോത്രി ആരോപിക്കുന്നത്. നേരത്തെ വിവേക് അഗ്നിഹോത്രിയുടെ ചിത്രമായ കശ്മീര്‍ ഫയല്‍സും വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. മുസ്ലീ സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ചിത്രമെന്നായിരുന്നു. 1990കളില്‍ തീവ്രവാദ ആക്രമണങ്ങള്‍ കാരണം കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.
വിവേക് അഗ്നിഹോത്രി ചിത്രത്തില്‍ ഭാവന ഒരുപാട് കലര്‍ത്തിയെന്നായിരുന്നു വിമര്‍ശനം. ചിത്രത്തില്‍ കഥ നടക്കുന്ന 1990ല്‍ ഫാറൂഖ് അബ്ദുള്ളയാണ് കശ്മീര്‍ മുഖ്യമന്ത്രിയെന്നാണ് പറയുന്നത്. എന്നാല്‍ ആ സമയത്ത് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയായിരുന്നില്ല മുഖ്യമന്ത്രി. ഗവര്‍ണര്‍ ഭരണത്തിലായിരുന്നു കശ്മീര്‍. നിരവധി മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുപോലെ തീവ്രവാദത്തെ തുടര്‍ന്ന് കശ്മീരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണമായി ജെഎന്‍യു അടക്കമുള്ളവയെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ബിജെപി നേതാക്കള്‍ ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. ബോക്‌സോഫീസില്‍ വന്‍ വിജയമാവുകയും ചെയ്തു.
ഇതിന് പിന്നാലെ പലയിടത്തും ചിത്രത്തെ കുറിച്ച് വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഫാറൂഖ് അബ്ദുള്ള ആ സമയത്ത് താനല്ല മുഖ്യമന്ത്രി എന്നും പ്രതികരിച്ചിരുന്നു. ചിത്രം റിലീസായി മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് അതിന്റെ സംവിധായകനുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. തന്റെ വാര്‍ത്താസമ്മേളനം നടത്താനിരുന്ന ഫോറിന്‍ കറസ്‌പോണ്ടന്റ്‌സ് ക്ലബ് പിന്നീട് പരിപാടി റദ്ദാക്കി. ഇതേ തുടര്‍ന്ന് പ്രസ് ക്ലബ്ബില്‍ നടത്താമെന്ന് അറിയിച്ചെങ്കിലും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും അനുകൂലിച്ചില്ലെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെയാണ് തനിക്ക് ഉപരോധമേര്‍പ്പെടുത്തുന്നതെന്ന് അഗ്നിഹോത്രി ആരോപിച്ചു.
അതേസമയം പ്രസ് ക്ലബ് ഓഫ് ഇന്ത്യ തനിക്ക് നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വ്യാഴാഴ്ച്ച ഒരു പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാധ്യമങ്ങള്‍ തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണെന്ന് വിവേക് അഗ്നിഹോത്രി ആരോപിച്ചു. ചില ദേശവിരുദ്ധ ശക്തികളാണ് എനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മേലുള്ള കടന്നുകയറ്റമാണ് അവര്‍ നടപ്പാക്കുന്നത്. ഇതിനെ ഒരിക്കലും അനുകൂലിക്കാനാവില്ല. താന്‍ തുറന്ന വേദിയില്‍ വാര്‍ത്താസമ്മേളനം നടത്തും. ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യങ്ങളും ശക്തമായി തന്നെ നേരിടുമെന്ന് അഗ്നിഹോത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനം റദ്ദാക്കിയതിനെതിരെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയെയും ടാഗ് ചെയ്ത് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. അതേസമയം ദില്ലിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചായിരിക്കും തുറന്ന പത്രസമ്മേളനം നടത്തുകയെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ജനാധിപത്യ വിശ്വാസികളായ എല്ലാ മാധ്യമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാനും തനിക്ക് പറയാനുള്ള കേള്‍ക്കാനും തയ്യാറായി, നിരവധി മാധ്യമങ്ങള്‍ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.