കാസര്‍കോട്: ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേൽ, സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹത്തിൽ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തും. മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല. മരണവിവരം സര്‍വകലാശാല അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
ഇന്ന് രാവിലെ കോളേജിലെ ഹോസ്റ്റലിലെ പൊതു ശുചിമുറിയിലാണ് സംഭവം നടന്നത്. റൂബി പട്ടേൽ ഏറെ നേരമായിട്ടും ശുചിമുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികൾ തള്ളി തുറക്കുകയായിരുന്നു. ഈ സമയത്താണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരിയിൽ ഗാസിയാബാദ് സ്വദേശിയായ എംഎഡ് വിദ്യാര്‍ത്ഥി നിതേഷ് യാദവ് (28) ഇവിടെ തൂങ്ങിമരിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ എം.എഡ്.വിദ്യാര്‍ഥി യു.പി.സ്വദേശിയായ നിധീഷ് കുമാറും ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. റുബി പട്ടേലിന്റെ മരണത്തിന് പിന്നാലെ സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. സമരം ആരംഭിച്ചു.സര്‍വകലാശാലയിലെ കൗണ്‍സിലിങ് സൈക്കോളജിയിലെ ഒഴിവ് നികത്തണമെന്നും വിദ്യാര്‍ഥികള്‍ക്ക് സേവനം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ മുറിയില്‍ പൂട്ടിയിട്ടു. അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എന്‍.എസ്.യു.വും അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)