കൊച്ചി:വർഷങ്ങളായി ലോട്ടറി വിൽപന നടത്തിയ യുവതിക്ക് ഒടുവിൽ ഭാഗ്യദേവതയുടെ കടാക്ഷം. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലൂടെയാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കാക്കനാട് സ്വദേശിനിയായ താരയെ തേടി എത്തിയത്. ഇടപ്പള്ളി തിരുപ്പതി ലക്കി സെന്റര്‍ ഉടമയാണ് താര.
14 വർഷമായി ലോട്ടറി ടിക്കറ്റ് വിറ്റു നടന്ന താരയെ തേടി ഇത്രയും വലിയ സമ്മാനം വരുന്നത് ഇതാദ്യമായാണ്. വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റുകളില്‍ ഒന്നായ പിപി 572677 നമ്പർ ഭാഗ്യക്കുറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പാലാരിവട്ടത്ത് ഭര്‍ത്താവ് മുകുന്ദനൊപ്പം ഭാഗ്യക്കുറി വില്പന നടത്തുകയായിരുന്നു താര. ഇതിനിടെ ചെറുതും വലുതമായി നിരവധി തവണ ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ഇതാദ്യമായാണ്. മുകുന്ദനും താരയും ആറുമാസം മുമ്പാണു ഇടപ്പള്ളിയിലും വില്പന ആരംഭിച്ചത്. കാക്കനാട് കളക്ടറേറ്റിനു സമീപമാണ് ഇവർ താമസിക്കുന്നത്.
വീടിന്റെ ലോണ്‍ തീര്‍ക്കുന്നതിനോടൊപ്പം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് താരയുടെ ആഗ്രഹം. ഭാഗ്യക്കുറി വിൽപന രംഗത്ത് കൂടുതൽ ശക്തമായി തുടരാൻ തന്നെയാണ് താരയുടെ തീരുമാനം. സമ്മാനാര്‍ഹമായ ടിക്കറ്റ് താരയും മുകുന്ദനും ചേർന്നു ബാങ്കിനു കൈമാറി.