ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ റാങ്കുകാരിയായി ചരിത്രമെഴുതിയ കാർത്യായനിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരണം. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. തൊണ്ണൂറ്റിയാറാം വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലോകം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് കാർത്യായനിയമ്മ രാജ്യത്തിന് തന്നെ പ്രചോദനമായത്.
കാർത്യായനിയമ്മയുടെ നാരി ശക്തി പുരസ്കാര നേട്ടം രാജ്യാന്തര തലത്തിലും വാർത്തയായിരുന്നു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടു. 2017 ല്‍ വീടിനടുത്തുള്ള കണിച്ചനെല്ലൂർ എൽപി സ്കൂളില്‍ വെച്ചായിരുന്നു കാർത്ത്യായനി അമ്മ അക്ഷരലക്ഷം പരീക്ഷ എഴുതുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കൂടിയായ സാക്ഷരതാ പഠിതാവ് എന്ന ബഹുമതി നേടിയ കാർത്യായനിയമ്മ പരീക്ഷയില്‍ റാങ്കോടെ വിജയിക്കുകയും ചെയ്തു.
പരേതനായ കൃഷ്ണപിള്ളയാണ് ഭർത്താവ്. മക്കൾ: പൊന്നമ്മ, അമ്മിയമ്മ, പരേതരായ ശങ്കരൻകുട്ടി, മണി, മോഹനൻ, രത്നമ്മ. സംസ്കാരം നാളെ വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. കാർത്യായനിയമ്മയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടേയുള്ളവർ രംഗത്ത് വന്നു. ‘കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്’ മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നു. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്.
നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു. കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്.
കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.