ബംഗളൂരു: വിവാഹേതര ബന്ധങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ കര്‍ണാടകാ എംഎല്‍എ മാരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന വിവാദ പ്രസ്താവന നടത്തി കര്‍ണാടകയിലെ ആരോഗ്യമന്ത്രി വിവാദത്തില്‍. 225 എംഎല്‍എ മാരില്‍ എത്രപേര്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തണമെന്നും പറഞ്ഞു. പ്രസ്താവന വിവാദത്തിലായതോടെ ഒരു മണിക്കൂറിന് ശേഷം മന്ത്രി ഖേദം പ്രകടിപ്പിച്ചു.
ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറാണ് ബുധനാഴ്ച രാഷ്ട്രീയ വിവാദത്തിന് കാരണമാകുന്ന പ്രസ്താവന നടത്തിയത്. അപകീര്‍ത്തി പരമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ആവശ്യപ്പെട്ട് സുധാകര്‍ ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ കോടതിയില്‍ പോയിരുന്നു. ഇതിന് സുധാകര്‍ രാജിവെയ്ക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനുള്ള പ്രതികരണമായിട്ടായിരുന്നു സുധാകറിന്റെ പ്രസ്താവന.
ഇവിടെ ഓരോരുത്തരും മര്യാദ പുരുഷോത്തമന്മാരും ശ്രീരാമചന്ദ്രന്മാരുമായി സ്വയം ചമയുകയാണ്. എന്നാല്‍ ഇവരില്‍ എത്രപേര്‍ ഏകപത്നീ വ്രതക്കാരാണ്? അക്കാര്യത്തില്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ താന്‍ എല്ലാവരേയും വെല്ലുവിളിക്കുന്നു. 225 എംഎല്‍എമാരുടേയും സ്വകാര്യ ജീവിതത്തേക്കുറിച്ച് അന്വേഷണം നടത്തട്ടെ അവിഹിത ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ഇവരില്‍ ആര്‍ക്കെല്ലാമുണ്ടെന്ന് അപ്പോഴറിയാം. സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഇവരുടെയെല്ലാം സ്വകാര്യ ജീവിതത്തില്‍ ആരെല്ലാം എന്തെല്ലാം ചെയ്തിട്ടുണ്ട്? ഇവിടെ ചോദ്യം സദാചാര്യ മൂല്യങ്ങളെക്കുറിച്ചാണ്. താന്‍ ഓരോരുത്തരെയൂം തുറന്ന് വെല്ലുവിളിക്കുന്നെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, മുന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ്‌കുമാര്‍, കോണ്‍ഗ്രസ് എംഎല്‍എ വി മുനിയപ്പ എന്നിവരുടെയെല്ലാം പേരെടുത്തും പറഞ്ഞു. ഇവരെല്ലാം ഏകപത്നീ വ്രതം പിന്തുടരുന്നവരാണോ? തന്റെ വെല്ലുവിളി ഇവര്‍ സ്വീകരിക്കട്ടെ എന്നും പറഞ്ഞു.
അതേസമയം സുധാകറിന്റെ പ്രസ്താവന വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. സഭയേയും അതിലെ അംഗങ്ങളെയും അപമാനിക്കുന്ന ഇത്തരം ഒരു പ്രസ്താവന നടത്താന്‍ ആരും തയ്യാറാകില്ലെന്നായിരുന്നു സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡേ കാഗരി പറഞ്ഞത്. സുധാകറിന്റെ പ്രസ്താവനയെ സിദ്ധരാമയ്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രസ്താവനകള്‍ എംഎല്‍എ മാരുടെ സവിശേഷാവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നും പറഞ്ഞു. ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യുമെന്നും എന്തായാലും തനിക്ക് ഒരു ഭാര്യയും ഒരു കുടുംബവുമാണ് ഉള്ളതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കൂടിയായ ശിവകുമാറിന്റെ പ്രതികരണം.
ഒരിക്കല്‍ തനിക്ക് കാലിടറിയിട്ടുണ്ടെങ്കിലും അക്കാര്യം താന്‍ സഭയില്‍ സമ്മതിച്ചിട്ടുള്ളതാണ്. സുധാകറും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മന്ത്രിമാരും യോഗ്യതയുള്ളവരാണോ എന്ന് എച്ച് ഡി കുമാരസ്വാമിയും ചോദിച്ചു. അതേസമയം ഇത്തരം നിരുത്തരവാദ പരമായ പ്രസ്താവനകള്‍ മന്ത്രി പിന്‍വലിക്കണമെന്നായിരുന്നു സുധാകറിന്റെ സഹപ്രവര്‍ത്തകനും ഷോരാപൂറിലെ എംഎല്‍എയുമായ ബിജെപി നേതാവ് നരസിംഹ നായക് പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ പ്രസ്താവന ശ്രദ്ധയോടെയാണ് നടത്തേണ്ടതെന്നും പറഞ്ഞു.