NationalNews

നടി രന്യ റാവുവിന് കർണാടക സർക്കാർ അനുവദിച്ചത് 12 ഏക്കർ ഭൂമി;വിശദീകരണമിങ്ങനെ

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കര്‍ണാടക സര്‍ക്കാര്‍ ഭൂമി അനുവദിച്ചുനല്‍കിയതായി റിപ്പോര്‍ട്ട്. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിനുകൂടി പങ്കാളിത്തമുള്ള കമ്പനിക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത്. 2023 ജനുവരിയിലാണ് നടിയുടെ കമ്പനിക്ക് ഭൂമി അനുവദിച്ചുനല്‍കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, രന്യ റാവുവിന്റെ കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇക്കാര്യത്തില്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്‌മെന്റ് ബോര്‍ഡ്(കെ.ഐ.എ.ഡി.ബി) വിശദീകരണവുമായി രംഗത്തെത്തി. രന്യ റാവുവുമായി ബന്ധമുള്ള സിരോദ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2023 ജനുവരി രണ്ടാം തീയതിയാണ് തുമകുരുവിലെ വ്യാവസായിക മേഖലയില്‍ 12 ഏക്കര്‍ ഭൂമി അനുവദിച്ചതെന്ന് കെ.ഐ.എ.ഡി.ബി. സി.ഇ.ഒ. മഹേഷ് അറിയിച്ചു. ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്താണ് സ്റ്റീല്‍ പ്ലാന്റ് ആരംഭിക്കാനായി ഈ കമ്പനിക്ക് ഭൂമി അനുവദിച്ചതെന്നും കെ.ഐ.എ.ഡി.ബി. വ്യക്തമാക്കി.

ടി.എം.ടി. കമ്പികള്‍ ഉള്‍പ്പെടെ നിര്‍മിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനായാണ് കമ്പനി അപേക്ഷ നല്‍കിയിരുന്നത്. 138 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്. 160 പേര്‍ക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. നടി രന്യ റാവുവും സഹോദരനുമായിരുന്നു 2022-ല്‍ രൂപവത്കരിച്ച കമ്പനിയുടെ ഡയറക്ടര്‍മാര്‍. തുടര്‍ന്ന് 2023 ജനുവരി രണ്ടാം തീയതി ചേര്‍ന്ന സംസ്ഥാനതല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റി യോഗത്തിലാണ് കമ്പനിക്ക് ഭൂമി അനുവദിച്ചതെന്നും കെ.ഐ.എ.ഡി.ബി. അറിയിച്ചു. അതേസമയം, നാളിതുവരെയായിട്ടും അനുവദിച്ച ഭൂമിയില്‍ കമ്പനി യാതൊരു പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ലെന്ന് കെ.ഐ.എ.ഡി.ബി. പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബായില്‍നിന്ന് 14.2 കിലോ സ്വര്‍ണം കടത്തുന്നതിനിടെയാണ് കര്‍ണാടക ഡി.ജി.പി. കെ.രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളും നടിയുമായ രന്യ റാവുവിനെ ഡി.ആര്‍.ഐ. സംഘം പിടികൂടിയത്. തുടര്‍ന്ന് നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകോടിയോളം രൂപയും സ്വര്‍ണാഭാരണങ്ങളും കണ്ടെടുത്തിരുന്നു. നിലവില്‍ ഡി.ആര്‍.ഐ.യുടെ കസ്റ്റഡിയിലുള്ള നടിയെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker