ബെംഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭാരവാഹികൾ മല്ലികാർജ്ജുൻ ഖാർഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ രേഖാമൂലം പരാതി നൽകി ശശി തരൂരിനെ പിന്തുണക്കുന്നവർ. ഹൈക്കമാൻഡ് പുറത്തിറക്കിയ മാർഗനിർദ്ദേശം നടപ്പാക്കണമെന്നും തരൂർ അനുകൂലികൾ വ്യക്തമാക്കി.
മാർഗനിർദേശം പിസിസി അധ്യക്ഷൻമാർ ലംഘിക്കുകയാണെന്നും തരൂരിനെ പിന്തുണക്കുന്ന നേതാക്കൾ ആരോപിച്ചു. വോട്ടർ പട്ടികയിലെ അവ്യക്തത നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേസമയം, മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തി. തരൂര്‍ നല്ല കോണ്‍ഗ്രസുകാരനാണെങ്കിലും ഖാര്‍ഗെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമ്മയ്യ വ്യക്തമാക്കി.
വിജയസാധ്യത ഖാര്‍ഗെക്കാണെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും സിദ്ധരാമ്മയ്യ പറഞ്ഞു. ജനാധിപത്യത്തില്‍ മത്സരം സ്വഭാവികമാണ്. മത്സരത്തിൽ വിജയം ഖാര്‍ഗെക്ക് ഉറപ്പാണ്. വലിയ ഭൂരിപക്ഷത്തില്‍ ഖാര്‍ഗെ വിജയിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രചാരണത്തിനിറങ്ങും. ഗുജറാത്തില്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. രമേശ് ചെന്നിത്തല ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിനെത്തും.
എഐസിസി തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ. സുധാകരൻ നിലപാട് തിരുത്തിയതിൽ സന്തോഷമെന്ന് ശശി തരൂർ പറഞ്ഞു. തമിഴ്നാട് പിസിസി ആസ്ഥാനത്ത് പ്രതിനിധികളെ കാണാനെത്തിയപ്പോഴായിരുന്നു തരൂരിന്‍റെ പ്രതികരണം. കേരള പര്യടനം പൂർത്തിയാക്കിയെങ്കിലും കേരളത്തിലെ രണ്ടാം നിര നേതാക്കളോടും യുവാക്കളോടും വോട്ടഭ്യര്‍ഥന തുടരാനാണ് തരൂരിന്‍റെ തീരുമാനം.
തമിഴ്നാട്ടിലെ പിസിസി പ്രതിനിധികളുടെ പിന്തുണ തേടി സത്യമൂർത്തി ഭവനിലെത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ മൂന്ന് ടിഎൻസിസി ഭാരവാഹികൾ മാത്രമാണ് എത്തിയത്. നേതൃതലത്തിലെ പിന്തുണ തനിക്ക് കുറവാണെന്നത് അംഗീകരിക്കുന്നുവെന്നും പ്രവർത്തകർക്കിടയിൽ കിട്ടുന്ന സ്വീകാര്യതയിൽ സന്തോഷമെന്നും തരൂർ പറഞ്ഞു.