കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഫൈസലിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസലിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
നയതന്ത്രബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഫൈസലിന്റെ വീട്ടില്‍ റെയ്ഡ്. കൊടുവള്ളിയിലെ ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെ നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡിആര്‍ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.