28.4 C
Kottayam
Wednesday, May 15, 2024

കണ്ണൂര്‍ സര്‍വകലാശാലാ സിലബസ് വിവാദം: കെ.എസ്.യു പ്രവര്‍ത്തകര്‍ വിസിയെ ഉപരോധിച്ചു

Must read

കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസിൽ ഗാന്ധിയെയും നെഹ്രുവിനെയും അപ്രസക്തരാക്കി ഗോൾവാക്കറിനെയും സവർക്കറിനെയും ഉൾപ്പെടുത്തിയെന്നാരോപിച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. സർവകലാശാലയിലെത്തിയ വി.സി.യെ പ്രവർത്തകർ തടഞ്ഞു.കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സർവകലാശാലാ ആസ്ഥാനത്ത് പ്രതിഷേധപ്രകടനവും ഉപരോധവും നടന്നത്. സിലബസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ദിവസവും കെ.എസ്.യു സർവകലാശാല ആസ്ഥാനത്ത് സിലബസ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം നടക്കുകയാണെന്ന് ആരോപിച്ച് എം.എസ്.എഫ് പ്രവർത്തകരും കഴിഞ്ഞ ദിവസം സർവകലാശാലയിലേക്ക് മാർച്ച് നടത്തിയിരുന്നു.കണ്ണൂർ സർവകലാശാലയിലെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോൾവാൾക്കർ അടക്കമുള്ളവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരേയാണ് കെ.എസ്.യു.വും എം.എസ്.എഫും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബുധനാഴ്ച ചേർന്ന സർവകലാശാല സെനറ്റ് യോഗത്തിൽ ഡോ. ആർ.കെ. ബിജു അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. സിലബസ് താൻ പരിശോധിച്ചശേഷമേ മറുപടി പറയാനാവൂ എന്ന വിശദീകരണത്തോടെ പ്രമേയം വി.സി. മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞവർഷമാണ് ബ്രണ്ണൻ കോളേജിൽ എം.എ. ഗവേണൻസ് എന്ന പുതിയ കോഴ്സ് തുടങ്ങിയത്. അതിൽ ഈവർഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ ‘തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്’ എന്ന പേപ്പറിൽ ചർച്ചചെയ്തു പഠിക്കാൻ നിർദേശിച്ചതിൽ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്. സിലബസിൽ കാവിവത്കരണം എന്ന ആരോപണം കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week