കണ്ണൂര്‍: ചെറുപുഴയില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് പേരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. പാടിയോട്ട് ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ ഭര്‍ത്താവ് ഷാജി എന്നിവരെയാണ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയര്‍കേസിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് മക്കള്‍ക്ക് ഭക്ഷണത്തില്‍ ഉറക്കുഗുളിക കലര്‍ത്തി നല്‍കി. ഇതില്‍ മൂത്ത മകന്‍ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടി തൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
കണ്ണൂർ ചെറുപുഴ വാടിച്ചാലിൽ വച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അടുത്തിടെ വിവാഹിതരായ ദമ്പതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് വിവരങ്ങൾ. ദമ്പതികൾ രണ്ടാഴ്ച മുൻപാണ് വിവാഹിതരായതെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കൂട്ടമരണം നടന്നത് അക്ഷരാർത്ഥത്തിൽ നാടിനെ നടുക്കിയിരിക്കുകയാണ്.
ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സൂരജ് (10), സുരഭി(എട്ട്), സുജിൻ (12) എന്നിവരാണ് വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്‌ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരായതെന്നാണ് വിവരം. എന്നാൽ അതിനുമുന്നേ തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നുണ്ട്. ഷാജിയ്ക്ക് ആദ്യ വിവാഹത്തിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. ഇയാൾ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിനിടെ ശ്രീജയും ആദ്യ ഭർത്താവായ സുനിലും തമ്മിൽ പ്രശ്നങ്ങളും നിലനിന്നിരുന്നു.
ശ്രീജയും ശ്രീജയുടെ മുൻ ഭർത്താവ് സുനിലുമായുള്ള കുടുംബ പ്രശ്നങ്ങൾ നിരവധി നാളുകളായി നിലനിന്നിരുന്നു. തർക്കപരിഹാരത്തിന് ഇന്ന് ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ വിളിപ്പിച്ചിരിക്കുകയായിരുന്നു. സുനിലിൻ്റെ പരാതിയിലാണ് ശ്രീജയേയും ഷാജിയേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നത്. രാവിലെ ആറുമണിയോടുകൂടി കുട്ടികളെ കൊലപ്പെടുത്തി തങ്ങൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ശ്രീജ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഫോൺവിളി വന്നതിന് പിന്നാലെ പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ വീട് ചവിട്ടു തുറന്ന് ഇവരെ രക്ഷപ്പെടുത്തുവാൻ ശ്രമങ്ങൾ നടത്തി. എന്നാൽ പൊലീസ് സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ മരണങ്ങൾ സംഭവിച്ചിരുന്നു.
ശ്രീജയുടെയും മുൻ ഭർത്താവിൻ്റെയും പേരിലാണ് ഇവർ താമസിച്ചിരുന്ന വീട്. ഈ വീട്ടിലേക്കാണ് ശ്രീജ പുതിയ ഭർത്താവായ ഷാജിയുമായി താമസിക്കാൻ എത്തിയത്. എന്നാൽ ഇതിനെതിരെ സുനിൽ രംഗത്ത് വന്നിരുന്നു. ഈ വീട്ടിൽ നിന്നും ഒഴിയണമെന്ന് സുനിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടയും ഷാജിയും സുനിലുമായി തർക്കത്തിൽ ആവുകയും പ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തുകയുമായിരുന്നു. അതിനിടയിലാണ് കുട്ടികളെ അടക്കം കൊലപ്പെടുത്തി ശ്രീജയും ഷാജിയും ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം ശ്രീജ തന്നെയാണ് പൊലീസിന് അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പൊലീസ് സ്ഥലത്ത് എത്തുന്നതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. മരണപ്പെട്ട ശ്രീജയും ഷാജിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കിയിരുന്നു. ഷാജിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും അതുമായി അനുബന്ധിച്ച് പ്രശ്നങ്ങൾ നിരവധി നടന്നിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. ഒടുവിൽ ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ച മുൻപ് വിവാഹം കഴിഞ്ഞത്. കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയാണെന്ന് ശ്രീജ പൊലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞിരുന്നുവെന്നും പഞ്ചായത്ത് പ്രതിനിധികൾ വ്യക്തമാക്കി.