KeralaNews

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച്കോടി രൂപ തട്ടി, മുൻ സിപിഎം നേതാവ് അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായും അഞ്ച് കോടി രൂപ തട്ടിയ മുൻ സിപിഎം നേതാവ് അറസ്റ്റിൽ. സി പി എം എടക്കാട് ഏരിയാ കമ്മിറ്റിയുടെ കീഴിലെ മാളികപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെയാണ് ചക്കരക്കല്‍ പോലിസ് അറസ്റ്റു ചെയ്തത്. അന്‍പതിലേറെ പേരില്‍ നിന്നും രാജേഷും സംഘവും അഞ്ചു കോടിയിലേറെ വാങ്ങിയെന്നാണ് ആരോപണം. കണ്ണൂര്‍ വിമാന താവള കമ്പനിയായ കിയാലില്‍ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിമാന താവള പരിസരത്ത് വിളിച്ചു വരുത്തി അവിടെ വെച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയാണ് തൊഴിലന്വേഷകരുടെ വിശ്വാസം ഉറപ്പിച്ചത്.

ഈ കേസുകളില്‍ ഒന്നാം പ്രതിയായ ഒ നാസിസ് മുങ്ങിയിരിക്കുകയാണെന്നപോലിസ് പറഞ്ഞു.കണ്ണൂര്‍ വിമാനതാവള ഉദ്ഘാടന സമയത്ത് രാജേഷ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നുവെങ്കിലും ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എട്ടു മാസം മുന്‍പ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നതായി സി പി എം എടക്കാട് ഏരിയാ സെക്രട്ടറി കെ വി ബാലന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി ഇ പി ജയരാജന്‍, എ എന്‍ ഷംസീര്‍ എം എല്‍ എ, ബിനീഷ് കോടിയേരി എന്നിവരുടെ പേരുകള്‍ ദുരുപയോഗിച്ചാണ് പലരില്‍ നിന്നുമായി പണം വാങ്ങിയത്.

അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.തൊഴിലന്വേഷകരില്‍ നിന്നും തലശേരി സ്വദേശി മുഹമദ് ഒ നാസിന്റെ അകൗണ്ടിലേക്കാണ് പണം വാങ്ങിയിരുന്നത്.പ്രതികളുടെ പേരില്‍ നിരവധി പരാതികളുമായി കൂടുതല്‍പേര്‍ എത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ തട്ടിപ്പില്‍ ഒരു പങ്കുമില്ലെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രാജേഷിന്റെ വാദം. അതേസമയം കുറ്റാരോപിതനായ ഉനാസിസ് ഗള്‍ഫിലേക്ക് കടന്നെന്നാണ് വിവരം. സമാനപരാതിയില്‍ പിണറായി സ്റ്റേഷനില്‍ ഉനാസിസിനെതിരെ രണ്ട് കേസുകള്‍ കൂടിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button