KeralaNews

രാഹുലിനെ വെട്ടി സരിന്‍,കെ.സിയുമായി കൂടിക്കാഴ്ച നടത്തി;സീറ്റുറപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. അതിനിടെ സീറ്റിനായി ഹൈക്കമാന്റിനെ നേരിട്ട് സമീപിച്ചിരിക്കുകയാണ് ചില നേതാക്കള്‍. പാലക്കാട് ആദ്യം മുതലെ ഉയര്‍ന്ന കേട്ട പേര് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായിരുന്നു. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ അകമഴിഞ്ഞ പിന്തുണയും രാഹുലിനുണ്ട്.

2011 മുതല്‍ ഷാഫി പറമ്പിലാണ് പാലക്കാട് നിന്ന് ജയിച്ച് വരുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാഫി പറമ്പിലിന് നീരസമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഷാഫി വടകരയില്‍ മത്സരിക്കാം എന്നേറ്റത്. എന്നാല്‍ വടകരയില്‍ ജയിച്ചാല്‍ താന്‍ നിര്‍ദേശിക്കുന്നയാളെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണം എന്ന് ഷാഫി ഉപാധി വെച്ചിരുന്നു.

ഇതിന് മുതിര്‍ന്ന നേതാക്കള്‍ വാക്കാല്‍ അംഗീകാരവും നല്‍കിയിരുന്നു. അതിനാല്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമാണ് ഷാഫി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുന്നത്. എന്നാല്‍ ജില്ലക്ക് പുറത്ത് നിന്നുള്ളയാള്‍ വേണ്ട എന്ന കര്‍ശന നിലപാടിലാണ് ഡിസിസി. മാത്രമല്ല സീറ്റ് ലക്ഷ്യമിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്ന നീക്കങ്ങളിലും പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തിയിലാണ്.

തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഡോ പി സരിന്‍ എന്നിവരുടെ പേരുകളാണ് രാഹുലിനായി വെല്ലുവിളിയായി സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നത്. പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ ഈ രണ്ട് പേരെയാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് വിവരം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിടി ബല്‍റാം എംബി രാജേഷിനോട് സിറ്റിംഗ് സീറ്റില്‍ പരാജയപ്പെട്ടിരുന്നു.

ഒറ്റപ്പാലത്ത് നിന്ന് കഴിഞ്ഞ തവണ ജനവിധി തേടിയ സരിനും പരാജയപ്പെട്ടിരുന്നു. അതിനിടെ സീറ്റ് ലക്ഷ്യം വെച്ച് നേതാക്കള്‍ ഹൈക്കമാന്റിനേയും സമീപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എ ഐ സി സി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാലിനെ കാണാന്‍ സരിന്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ആര് സ്ഥാനാര്‍ഥിയാവണമെന്ന കാര്യത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്നാണ് സരിന്‍ പ്രതികരിച്ചത്.

കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പിച്ച് ഷാഫി ഹാട്രിക് വിജയം സ്വന്തമാക്കിയത്. 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫി കഴിഞ്ഞ തവണ ജയിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബി ജെ പി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് പാലക്കാട്. അതിനാല്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം പാലക്കാടായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker