KeralaNews

‘ഏത് കടയിൽ പോയാലും വാങ്ങാൻ കിട്ടുമെന്ന് തോന്നണം പക്ഷെ നൂറ് കടയിൽ പോയാലും കിട്ടരുത്, അത് ശോഭനയുടെ സെലക്ഷൻ’അനുഭവം പറഞ്ഞ് ഫാസില്‍

കൊച്ചി:റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും ഇന്നും ടിവിയിൽ വരുമ്പോൾ ആവർത്തിച്ച് കാണുന്ന സിനിമകളുണ്ട്. അവയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എന്തിനേറെ ഡയലോ​ഗുകൾ വരെ പ്രേക്ഷകർക്ക് മനപ്പാഠമായിരിക്കും. അത്തരത്തിൽ ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. സിനിമ വീണ്ടും റീ റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്ത ഏതാനും നാളുകൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. പുത്തൻ സാങ്കേതികവിദ്യയിൽ ഫോർകെ അറ്റ്മോസിലാണ് മണിച്ചിത്രത്താഴ് വീണ്ടും എത്താൻ ഒരുങ്ങുന്നത്.

ചിത്രം 2024 ജൂലൈ 12ന് റീ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം. എന്നാൽ ഓഗസ്റ്റ് 17ന് റിലീസ് ചെയ്യുമെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും മോഹൻലാൽ, സുരേഷ് ​ഗോപി ഫാൻസും.

1993ൽ ഫാസിലിന്റെ സംവിധാനത്തിലായിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

എന്നാൽ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. നേരത്തെ കേരളീയം 2023നോട് അനുബന്ധിച്ച് മണിച്ചിത്രത്താഴ് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇന്നത്തെ തലമുറയ്ക്ക് തിയറ്റർ എക്സ്പീരിയൻസ് മിസ്സായ ചിത്രം കാണാൻ ഒട്ടനവധി പേരാണ് തലസ്ഥാന ന​ഗരിയിലെ തിയേറ്ററുകളിൽ തടിച്ച് കൂടിയത്.

പിന്നാലെ എക്സ്ട്രാ ഷോകളും സംഘടിപ്പിച്ചിരുന്നു. നേരത്തെ മോഹൻലാലിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികവും റീ റിലീസ് ചെയ്തിരുന്നു. അതും ഫോർ കെ മികവിലായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരിൽ പലർക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ ഫാസിൽ. ​ഗം​ഗയ്ക്കായി സാരികൾ സെലക്ട് ചെയ്തത് നടി ശോഭന തന്നെയാണെന്നാണ് ഫാസിൽ പറയുന്നത്.

അത് ശോഭനയ്ക്കൊരു ടാസ്ക്കായിരുന്നുവെന്നും ഫാസിൽ അടുത്തിടെ നൽകിയ ഒരു അഭമുഖത്തിൽ വെളിപ്പെടുത്തി. ശോഭന സാരിയിൽ ഏറ്റവും സുന്ദരിയായി കാണപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു മണിച്ചിത്രത്താഴ്. അതുകൊണ്ട് തന്നെ സിംപിൾ പാറ്റേണിലുള്ള ശോഭനയുടെ സാരികളെല്ലാം തന്നെ ഹിറ്റായിരുന്നു. വേലായുധന്‍ കീഴില്ലമാണ് മണിചിത്രത്താഴിന്‍റെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത്‌.

ശോഭനയുടെ ഗംഗ എന്ന കഥാപാത്രം ധരിച്ചിരുന്ന സാരികള്‍ തെരഞ്ഞെടുക്കുന്നതില്‍ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു. ഫാസിലിന്റെ നിര്‍ദേശപ്രകാരമാണ് ബാംഗ്ലൂരില്‍ നിന്നും സിനിമയ്ക്കാവശ്യമുള്ള സാരിയടക്കമുള്ള വാങ്ങിയത്. ആര്‍ട്ടിസ്റ്റുമായി ചര്‍ച്ച ചെയ്തു മാത്രം തന്‍റെ സിനിമകളിലെ കോസ്റ്റ്യൂം തീരുമാനിക്കാറുള്ള സംവിധായകനാണ് ഫാസില്‍.

ചിത്രത്തിന്റെ ഡിസ്കഷനുമായി ഞാൻ ചെന്നൈയിലുള്ളപ്പോള്‍ ശോഭന വിളിച്ചിട്ട് ഞാൻ ബാംഗ്ലൂർ പോവുകയാണെന്ന് പറഞ്ഞു. ബാംഗ്ലൂരിൽ സാരിയുടെ നല്ല സെലക്ഷൻ കാണും അവിടുന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീർച്ചയായും എടുക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ സാറിന്റെ മനസിൽ എന്തെങ്കിലും ഐഡിയയുണ്ടോയെന്ന് ചോദിച്ചു.

വളരെ സിമ്പിൾ ആയിരിക്കണം തൊട്ടടുത്ത കടയിൽ പോയാൽ കിട്ടുമെന്ന് തോന്നുന്ന സാരിയായിരിക്കണം എന്നാൽ നൂറു കടകളിൽ പോയാലും കിട്ടുകയുമരുത്. അങ്ങനത്തെ സാരികളാണ് നമുക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി.

ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു എന്നാണ് മണിച്ചിത്രത്താഴിലെ ശോഭനയുടെ കോസ്റ്റ്യൂംസിനെ കുറിച്ച് സംസാരിച്ച് ഫാസിൽ പറഞ്ഞത്. മണിചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ശോഭന കരസ്ഥമാക്കിയിരുന്നു. ഇന്നും ​ഗം​ഗയായും നാ​ഗവല്ലിയായും ശോഭനയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ മലയാളിക്കാവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker