രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം ജനസംഖ്യ കൂടിയതാണെന്ന് നടി കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനസംഖ്യ നിയന്ത്രണത്തിലാക്കണമെന്നും, രണ്ടു മക്കളില്‍ കൂടുതലുള്ളവരെ ജയിലിലടയ്ക്കണമെന്നും നടി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു.
നടിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. താരത്തെ പരിഹസിച്ച് കൊമേഡിയന്‍ സനോലി ഗൗര്‍ രംഗത്തെത്തിയിട്ടുണ്ട്. രംഗോലി ചന്ദല്‍, അക്ഷത് റണൗട്ട് എന്നീ രണ്ട് സഹോദരങ്ങളുള്ള നടി തന്നെയാണ് ഈ മണ്ടത്തരം പറയുന്നതെന്ന് അദ്ദേഹം പറയുന്നു.
സനോലി ഗൗറിന്റെ പരിഹാസത്തിന് നടി കിടിലന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. താങ്കളുടെ തമാശ സ്വയം പരിഹസിക്കലാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം. ‘എന്റെ മുതുമുത്തശ്ശന് എട്ട് സഹോദരങ്ങളുണ്ടായിരുന്നു. ആ കാലത്ത് നിരവധി കുട്ടികള്‍ മരിച്ചു പോവുമായിരുന്നു. കാടുകളില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ മൃഗങ്ങളുണ്ടായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറണം. ഈ സമയത്തെ ആവശ്യം എന്നത് ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെ പോലെ നമ്മള്‍ക്കും ശക്തമായ നിയമങ്ങള്‍ ഉണ്ടാവണം,’ -നടി ട്വിറ്ററില്‍ കുറിച്ചു.
‘രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഉളളവരെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പിഴ നല്‍കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും.’ എന്നായിരിന്നു കങ്കണ പറഞ്ഞത്.
‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ’ -മറ്റൊരു ട്വീറ്റില്‍ കങ്കണ കുറിച്ചു.