മുംബൈ: കര്‍ഷക പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാന്നയ്ക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നും കങ്കണ കുറിച്ചു. അവര്‍ ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.
നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നല്‍കിയാണ് റിഹാന്ന കര്‍ഷക സമരത്തിന്റെ ചിത്രം പങ്കുവച്ചത്. കര്‍ഷക സമരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയെന്ന വാര്‍ത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. 100 മില്യണിലേറെ ഫോളോവേഴ്‌സുള്ള റിഹാന്നയുടെ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് കങ്കണ റിഹാന്നയ്ക്ക് മറുപടിയുമായി രംഗത്തെത്തിയത്.
‘ആരും അവരെപ്പറ്റി സംസാരിക്കാത്തത് അവര്‍ കര്‍ഷകരല്ല, ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ ആയതുകൊണ്ടാണ്. ഇന്ത്യയെ വിഭജിക്കുമ്പോള്‍ ചൈനയ്ക്ക് രാജ്യം പിടിച്ചെടുത്ത് അമേരിക്കയെ പോലെ ഒരു ചൈനീസ് കോളനി ആക്കാം. വെറുതെയിരിക്കൂ വിഡ്ഢീ, നിങ്ങളെപ്പോലെ ഞങ്ങളുടെ രാജ്യം ഞങ്ങള്‍ വില്‍ക്കില്ല’- കങ്കണ ട്വീറ്റ് ചെയ്തു.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയിരുന്നു. തങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണ് ഇതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാര്‍ത്തയാണ് റിഹാന്ന പങ്കുവച്ചത്.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത നൂറില്‍ അധികം കര്‍ഷകരെ തീഹാര്‍ ജയിലില്‍ നിന്ന് വിട്ടയക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.