ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ശസ്ത്രക്രിയ വിജയകരം. ഇന്ന് രാവിലെ കാലിലായിരുന്നു ശസ്ത്രക്രിയ. മകള്‍ ശ്രുതി ഹാസനാണ് ശസ്ത്രക്രിയ വിവരം അറിയിച്ചത്. ‘അച്ഛന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അമിതമായ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി എന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്!’- ശ്രുതി ഹാസന്‍ ട്വീറ്റ് ചെയ്തു.
ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലാണ് കമല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തെ തുടര്‍ന്ന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തിരക്ക് കാരണം വൈകി. ഇപ്പോള്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് വലതുകാലില്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്.
”ഡോക്ടര്‍മാരും ജീവനക്കാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നല്‍കുന്നത്. വേഗത്തില്‍ സുഖംപ്രാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസത്തിലുമാണ് അദ്ദേഹം. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാകും. അതുകഴിഞ്ഞ് കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം പതിവുപോലെ ജനങ്ങളുമായി ഇടപഴകാനാകും. പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹത്തോട് കാട്ടിയ സ്നേഹത്തിനും നന്ദി പറയുന്നു”- ശ്രുതി ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
കമല്‍ ഹാസന്റെ നേതൃത്വത്തില്‍ മക്കള്‍ നീതി മയ്യം ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. വിശ്രമം വേണമെന്ന നിര്‍ദേശം അവഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരക്ക് പിടിച്ച പ്രചാരണത്തിലായിരുന്നു 66കാരനായ കമല്‍ വിശ്രമമെടുത്തത്. 15 ദിവസത്തിനുള്ളില്‍ 5000 കിലോമീറ്ററാണ് താരം സഞ്ചരിച്ചത്. രാഷ്ട്രീയ പ്രവേശനത്തിനുള്ള തീരുമാനം ഉപേക്ഷിച്ച രജനികാന്തിന്റെ പിന്തുണ തേടുമെന്ന് കമല്‍ ഹാസന്‍ അടുത്തിടെ പറഞ്ഞിരുന്നു.