കൊച്ചി:കലൂരിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവർന്ന ബിഹാർ സ്വദേശി ജഗാവുള്ളയെ ഡൽഹിയിൽനിന്നു പിടിച്ച് കൊച്ചി സിറ്റി പോലീസ്. മറ്റൊരു പ്രതിയായ 17-കാരനായ ബിഹാർ സ്വദേശിയെ നേരത്തെ പിടിച്ച് ജുവനൈൽ ബോർഡിനു മുമ്പിൽ ഹാജരാക്കിയിരുന്നു.
കലൂർ പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മൻസിലിൽനിന്ന് ജനുവരി 30, 31 തീയതികളിൽ ഒരു ലക്ഷം രൂപയും ഒരു ലാപ്‌ടോപ്പുമാണ് കവർന്നത്. 31-നാണ് മോഷണ വിവരം അറിയുന്നത്. മുഖ്യ പ്രതി ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിർമാണ ശാലയിൽ ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് 17-കാരനുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്തത്.
മോഷണ തുക പങ്കുവെച്ച് ജഗാവുള്ള ബെംഗളൂരുവിലേക്ക് കടന്നു. മുംബൈ വഴി ഡൽഹിയിലെത്തിയ ഇയാൾ പഹാർഗഞ്ചിലെ നബീകരീം തെരുവിലെ ബാഗ് നിർമാണശാലയിൽ ജോലിക്കു കയറി. ഇവിടെ നിന്നാണ് പോലീസ് സംഘം സാഹസികമായി പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ ജഗാവുള്ളയെ റിമാൻഡ് ചെയ്തു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശാനുസരണം ഡി.സി.പി. വി.യു. കുര്യാക്കോസ് പ്രത്യേക അന്വേണ സംഘം രൂപവത്‌കരിച്ചിരുന്നു. എറണാകുളം സെൻട്രൽ എ.സി.പി. ജയകുമാർ ചന്ദ്രമോഹൻ, എളമക്കര ഇൻസ്പെക്ടർ എം.എസ്. സാബുജി എന്നിവർ നേതൃത്വം നൽകി. എസ്.ഐ. രാമു ബാലചന്ദ്ര ബോസ്, എ.എസ്.ഐ.മാരായ വി.എ. സുബൈർ, പി.ആർ. സീമോൻ, സി.പി.ഒ. സി.വി. മധുസൂദനൻ എന്നിവരാണ് ഡൽഹിയിലെത്തി പ്രതിയെ പിടിച്ചത്.
കലൂരിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ ക്രിമിനലുകളുടെ താവളമായ ചേരിയിൽനിന്ന് പോലീസ് പൊക്കിയത് സിനിമാ സ്റ്റൈലിൽ. ഉത്തരേന്ത്യക്കാരായ കുറ്റവാളികൾ ഒളിവിൽ താമസിക്കുന്ന സ്ഥലമാണ് ഡൽഹി പഹാർഗഞ്ചിലെ നബീകരീം. കഞ്ചാവിന്റെയും മയക്കുമരുന്ന് വില്പനയുടെയും കേന്ദ്രമായ നബീകരീമിലെ ചേരിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയവർ എന്ന വ്യാജേനയാണ് പോലീസ് എത്തുന്നത്. പ്രതി ഒരു ബാഗ് നിർമാണശാലയ്ക്ക് സമീപമുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ ജഗാവുള്ള സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ബിഹാർ സ്വദേശിയെ കണ്ടെത്തി ചോദ്യം ചെയ്തു.
ഇയാളിലൂടെ ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടം കണ്ടെത്തി. ഇവിടെ അർധരാത്രി പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസെത്തിയതറിഞ്ഞ നാട്ടുകാർ ചേരി വളയാൻ തുടങ്ങി. ഇതിനിടെ പോലീസ് തന്ത്രപൂർവം പ്രതിയെ ചേരിക്ക് പുറത്തെത്തിച്ചു. കാറും ജീപ്പും പോകാത്ത ഇടുങ്ങിയ ചേരിയിൽനിന്ന് പ്രതിയെ മോട്ടോർ ബൈക്കിൽ നടുക്കിരുത്തിയാണ് പോലീസ് പുറത്തെത്തിച്ചത്. തുടർന്ന് ഡൽഹി തീസ് ഹസാരി കോടതിയിലെത്തിച്ച പ്രതിയെ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിച്ചത്.