മലപ്പുറം: കാളികാവിലെ ‘പാവം വിദ്യാർഥിനി’യെന്ന പേരിൽ വാർത്തയായ പെൺകുട്ടി സാങ്കൽപ്പികമെന്ന് സ്കൂൾ അധികൃതർ. സ്കൂൾ അടച്ചതിന് പിന്നാലെ പ്ലസ്ടു വിദ്യാർഥികൾ നടത്തിയ ആഘോഷങ്ങൾക്കിടെയാണ് മലപ്പുറം കാളികാവിലെ പ്രധാന സ്കൂളിലെ ‘പാവം വിദ്യാർഥിനി’യുടെ വാർത്ത ചർച്ചയായത്. ‘അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്. ചായം എറിയരുത്, കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി’ എന്ന തലക്കെട്ടിലാണ് വാർത്ത വന്നത്.
വാർത്തയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേർ സഹായാഭ്യർഥനകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ വിവരങ്ങൾ നൽകാമോ, എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്ന് കമന്റുമായി മന്ത്രി വി ശിവൻകുട്ടിയും എത്തിയിരുന്നു.
വാർത്ത വൈറലായതിന് ശേഷം സഹായ വാഗ്ദാനവുമായി നിരവധി സംഘടനകൾ സ്കൂളിനെ സമീപിച്ചപ്പോഴാണ് വിഷയത്തെക്കുറിച്ച് അന്വേഷിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ അങ്ങനെയൊരു പെൺകുട്ടി തന്നെയില്ലെന്നാണ് അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു, ഹൈസ്കൂൾ വിദ്യാർഥികൾക്കെല്ലാം വ്യത്യസ്ത യൂണിഫോമുകളാണുള്ളത്. അതുകൊണ്ട് തന്നെ പ്ലസ് വണ്ണിൽ ചേരുന്ന അനിയത്തിക്ക് ചേച്ചിയുടെ യൂണിഫോം ധരിക്കാനാവില്ല. അനിയത്തിക്ക് അതേ സ്കൂളിൽ തന്നെ പ്രവേശനം ലഭിക്കുമോ എന്നും ഉറപ്പില്ല. വസ്തുതകൾ ഒട്ടും പരിശോധിക്കാതെയാണ് വ്യാജ വാർത്തകൾ കെട്ടിച്ചമക്കുന്നതെന്ന് സ്കൂൾ അധികൃതർ കുറ്റപ്പെടുത്തി.
വിദ്യാർഥികൾക്കായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സ്കൂൾ മാനേജ്മെന്റിനും പിടിഎയ്ക്കും സംഭവം വേദനയുണ്ടാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലേക്കും സഹായ വാഗ്ദാനവുമായി ഒട്ടേറെ ഫോൺകോളുകളാണ് എത്തുന്നത്. എല്ലാവരോടും വാർത്ത വ്യാജമാണെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പൊലീസ് ചെയ്യുന്നത്.