കൊച്ചി: കൊച്ചി കളമശ്ശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ അപ്പാർട്ട്മെന്‍റിൽ ഹെൽമറ്റ് ധരിച്ച എത്തിയ ആൾക്കായുള്ള തെരച്ചിൽ തുടരുന്നു. ജെയ്സിയുടെ കോൾ ലിസ്റ്റ് പരിശോധിച്ച് സംശയമുള്ളവരുടെ മൊഴികളും പൊലീസ് രേഖപ്പെട്ടുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാണ്.
കൊലപാതകം നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നിൽ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു.
ജെയ്സിയുടെ ഫോണ്‍ കോളുകൾ അടക്കം പരിശോധിച്ച് പ്രതിയിലേക്കെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കോൾ ലിസ്റ്റ് പരിശോധിച്ച് സംശയം തോന്നുന്നവരെ ചോദ്യം ചെയ്തു വരികയാണ്. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയിലെ ഈ അപ്പാർട്ടമെന്‍റിലാണ് താമസം. കാനഡയിലുള്ള ജെയ്സിയുടെ മകൾ നാട്ടിലെത്തിയിട്ടുണ്ട്.