CrimeKeralaNews

Kala murder:കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്, ഒന്നാം പ്രതി ഭര്‍ത്താവ് അനിൽ; പ്രതികൾക്കെതിരെ കൊലക്കുറ്റം

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി.

പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്.  ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. 

പതിനഞ്ച് വര്‍ഷം മുൻപുള്ള തിരോധാന കേസിലാണ് ഇപ്പോൾ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിൻ്റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. 

വർഷങ്ങൾക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു.

മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button