കൊച്ചി: ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പൊലീസ് പിടിയിൽ. കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ചാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തതതെന്നാണ് പൊലീസിന്റെ സംശയം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ്ഡാണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ട് ദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കുകയായിരുന്നു. ഫ്ലാറ്റ് പുറത്ത് നിന്നും പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയുമായിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല.
ഫ്ലാറ്റിൽ താമസിച്ചത് അഞ്ച് പേർ, മൂന്ന് പേർ കൊടൈക്കെനാലിൽ, ഒരാൾ കൊല്ലപ്പെട്ടു, അഞ്ചാമനെ കാണ്മാനില്ല
ഒക്സോണിയ എന്ന ഫ്ലാറ്റിൽ താമസിച്ചിരുന്ന അഞ്ച് പേരിൽ മൂന്ന് പേർ കൊടൈക്കെനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന നാലാമൻ കൊല്ലപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചാമനെ കാണ്മാനില്ല. ഇതെല്ലാമാണ് കാണാതായ അർഷാദിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്. മൂന്ന് പേർ കൊടൈക്കെനാലിലായിരുന്നുവെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ പല തവണ സജീവുമായി ഫോണിൽ മെസേജ് വഴി ബന്ധപ്പെട്ടിരുന്നു. എന്നാൽ സജീവെന്ന വ്യാജേനെ ഇവരോട് സംസാരിച്ചിരുന്നത് അർഷാദ് ആയിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇപ്പോൾ ഫ്ലാറ്റിലേക്ക് വരേണ്ടതില്ലെന്നും താൻ സ്ഥലത്തില്ലെന്നുമാണ് സജീവിന്റെ ഫോണിലൂടെ അർഷാദ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് ആവർത്തിച്ചത് സുഹൃത്തുക്കളിൽ സംശയമുണ്ടാക്കി. ഇതോടൊപ്പം ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുകയും പകരും മെസേജിലൂടെ മാത്രം കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്തതോടെ സംശയം ബലപ്പെട്ടു. ഇതോടെ കൊടൈക്കെനാലിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഫ്ലാറ്റിലെ കെയർ ടേക്കറോട് കാര്യമന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഫ്ലാറ്റിൽ പരിശോധന നടന്നതും മൃതദേഹം കണ്ടെത്തിയതും.