EntertainmentKeralaNews

കഡുഗണ്ണാവ പാക്കപ്പ്; മമ്മൂട്ടിക്കൊപ്പം വിനീതും അനുമോളും

കൊച്ചി:എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗണ്ണാവ: ഒരു യാത്രാ കുറിപ്പിന്റെ ഷൂട്ടിങ് പാലക്കാട് പൂര്‍ത്തിയായി.  അനുമോള്‍, വിനീത്, സാവിത്രി ശ്രീധരന്‍, മനോഹരി ജോയ്, സുമേഷ് മൂര്‍, നില്‍ജ, രമ്യ, ശങ്കര്‍, മുരളി, രാജ് ആനന്ദ്, ബാലതാരങ്ങളായ പ്രാര്‍ത്ഥന, വസുദേവ്, സൂര്യദേവ്, നന്ദകിഷോര്‍, ഹാരിഷ് എന്നിവരും അഭിനയിക്കുന്നു.

എംടിയുടെ പത്ത് തിരക്കഥകളില്‍ ഒരുങ്ങുന്ന ആന്തോളജിയിലെ ഒന്‍പതാമത്തെ ചിത്രംകൂടിയാണിത്. സിലോണില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ കൂടെ വന്നിരുന്ന പത്ത് വയസ്സുകാരിയായ ലീലയെ അന്വേഷിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം എം.ടി തന്നെ ശ്രീലങ്കയിലെ കഡുഗണ്ണാവ എന്ന ഗ്രാമത്തിലേക്ക് നടത്തിയ യാത്രയെ ആസ്പദമാക്കിയാണ് എം.ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയാണ് എം.ടിയുടെ ആത്മകഥാംശമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഡുഗണ്ണാവ ഒരു യാത്രാകുറിപ്പിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. ശ്രീലങ്കയില്‍ ഷൂട്ടിങ്ങിന് എത്തിയ മമ്മൂട്ടിക്കും സംഘത്തിനും ഊഷ്മളമായ വരവേല്‍പ്പാണ് ശ്രീലങ്കന്‍ ഗവണ്‍മെന്റ് നല്‍കിയത്. ടൂറിസം മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ, ടൂറിസം സെക്രട്ടറി ചുലനന്ദ പെരേര, ടൂറിസം ബ്രാന്‍ഡ് അംബാസിഡര്‍ സനത് ജയസൂര്യ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. 

ശ്രീലങ്കന്‍ ഷെഡ്യൂളില്‍ സുജിത് വാസുദേവും, പാലക്കാട് ഷെഡ്യൂളില്‍ പ്രശാന്ത് രവീന്ദ്രനും ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവാണ് പ്രൊഡക്‌ഷന്‍ ഡിസൈനര്‍. ന്യൂസ് വാല്യു പ്രൊഡക്‌ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ആര്‍.പി.എസ്.ജി സരിഗമ ഇന്ത്യാ ലിമിറ്റഡും ചേര്‍ന്നാണ് ഈ ചിത്രം നിർമിക്കുന്നത്. എംടിയുടെ മകളായ അശ്വതി വി. നായര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും സുധീര്‍ അമ്പലപ്പാട് ലൈന്‍ പ്രൊഡ്യൂസറുമാണ്.

എംടി ആന്തോളജിയില്‍ ഇനി പൃഥ്വിരാജ് അഭിനയിക്കുന്ന പത്താമത്തെ സിനിമ മാത്രമാണ് ചിത്രീകരിക്കാനുള്ളത്. പ്രിയദർശന്‍, ജയരാജ്, മഹേഷ് നാരായണൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, അശ്വതി വാസുദേവൻ നായർ എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകർ. ചിത്രങ്ങൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button