25.1 C
Kottayam
Thursday, May 16, 2024

വിദ്യയെ കുടുക്കിയത് ടവർ ലൊക്കേഷൻ, പൊലീസ് പിന്തുടർന്ന് എത്തി; പിടിയിലായത് സുഹൃത്തിന്റെ വീട്ടിൽ നിന്ന്

Must read

കോഴിക്കോട്:  മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യയെ പൊലീസ്  കസ്റ്റഡിയിലെടുത്തത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ. ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പൊലീസ് വിദ്യയെ കുടുക്കിയത്. മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നാണ് വിദ്യ പിടിയിലായത്. 

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലുള്ള സ്ഥലത്ത് നിന്നാണ് പ്രതി പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് അ​ഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിദ്യയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന വിദ്യയെ പതിനഞ്ചാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അഗളി ഡിവൈഎസ്പി ഓഫീസിലെത്തിക്കും. 

പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്. 

വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും മുന്‍കൂര്‍ ജാമ്യം തേടി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ഈ മാസം 24 ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week