KeralaNewsPolitics

കോണ്‍ഗ്രസിന് വേണ്ടി അന്ധമായ പ്രചാരണത്തിനുണ്ടാവില്ല,തൃക്കാക്കരയിൽ വ്യക്തിയല്ല വികസനമാണ് വിഷയം,ആദ്യ വെടി പൊട്ടിച്ച് കെ.വി.തോമസ്

കൊച്ചി: തൃക്കാക്കരയില്‍ കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് കെവി തോമസ്. താന്‍ തൃക്കാക്കരയിലെ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നും തോമസ് വ്യക്തമാക്കി. അതേസമയം തൃക്കാക്കരയില്‍ മത്സരിക്കുമെന്ന സാധ്യതയും കെവി തോമസ് തള്ളിയിട്ടില്ല. ഇരുമുന്നണികളുമായി ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് തോമസ് പറഞ്ഞു. അതേസമയം പിടി തോമസിന്റെ ഭാര്യ ഉമ തോമസുമായി വ്യക്തിപരമായ ബന്ധമുണ്ട്. അവരോട് ബഹുമാനവുമുണ്ട്. അതേസമയം കേരളത്തില്‍ കെ റെയില്‍ പോലുള്ള പദ്ധതികള്‍ വരണമെന്നും അദ്ദേഹം പറുന്നു. ഇത്രയൊക്കെയാണെങ്കിലും കോണ്‍ഗ്രസിന് വേണ്ടി അന്ധമായ പ്രചാരണത്തിനുണ്ടാവില്ല. തൃക്കാക്കരയിലേത് ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്. ആര് ജയിക്കുമെന്ന് പറയാനാവില്ലെന്നും തോമസ് പറഞ്ഞു.

അതേസമയം ഉമ തോമസ് തന്നെയാകും തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. പക്ഷേ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച നടത്തി ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗം തിരുവനന്തപുരത്ത് ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെല്ലാം പങ്കെടുക്കുന്നുണ്ട്. വേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തൃക്കാക്കരയില്‍ വിജയിക്കേണ്ടത് കോണ്‍ഗ്രസിന് വളരെ നിര്‍ണായകമായ കാര്യമാണ്. സിപിഎമ്മിന് വികസന വഴി ശരിയാണെന്ന് തെളിയിക്കാനും വിജയം ആവശ്യമാണ്.

കെവി തോമസിനെതിരെ അച്ചടക്ക നടപടി അടക്കം കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്. നേരത്തെ സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടി പദവികളില്‍ നിന്ന് കെവി തോമസിനെ ഒഴിവാക്കിയിരുന്നു. അതേസമയം കടുത്ത നടപടിയിലേക്ക് പാര്‍ട്ടി പോവാതിരുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഉള്ളത് കൊണ്ടാണ്. അത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ഭയം. അതേസമയം തിരഞ്ഞെടുപ്പിന് സിപിഎം സജ്ജമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കെവി തോമസുമാര്‍ നിരവധിയുണ്ടാവും. വികസനം വിലയിരുത്തിയാകും തിരഞ്ഞെടുപ്പെന്നും ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സിപിഎം വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. പ്രമുഖനെ തന്നെയാവും കളത്തില്‍ ഇറക്കുക.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം, ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം കുടുംബാധിപത്യ പരിഹാസം കൊണ്ടാണ് സിപിഎം നേരിടുന്നത്. പലയിടങ്ങളില്‍ നിന്നായി നിരവധി പേര്‍ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. ഇവിടെ ഏറ്റവും ജനപ്രീതിയുള്ളതും, പൊതുസ്വീകാര്യതയുമുള്ള ഒരു പ്രമുഖ വ്യക്തിയെ തന്നെ മത്സരിപ്പിക്കണമെന്നാണ് സിപിഎം കരുതുന്നത്. ഉമയാണ് വരുന്നതെങ്കില്‍ വനിതാ സ്ഥാനാര്‍ത്ഥിക്കും സാധ്യതയുണ്ട്. നിലവിലെ കൊച്ചി മേയര്‍ അനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button