കൊച്ചി: കോൺഗ്രസ് വിട്ടേക്കുമെന്നും എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിൽ നാളെ നടത്താനിരുന്ന നിർണായക വാർത്താ സമ്മേളനം റദ്ദാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നാളെ തലസ്ഥാനത്ത് എത്തുന്ന ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോത്തുമായി കെ.വി.തോമസ് ചർച്ച നടത്തിയേക്കും എന്നാണ് സൂചന.
അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ കെ.വി.തോമസിനോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. ഇന്ന് രാവിലെയും ഇന്നുമായി അദ്ദേഹത്തെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബന്ധപ്പെട്ടു തിരുവനന്തപുരത്തേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അവരെ കേൾക്കാൻ തയ്യാറായിരുന്നില്ല.
എന്നാൽ തോമസിനെ അനുനയിപ്പിക്കാൻ ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെട്ടുവെന്നാണ് സൂചന. ഇതാണ് ഹൈക്കമാൻഡ് പ്രതിനിധിയായി നേരിട്ട് എത്തുന്ന അശോക് ഗെഹ്ലോത്തുമായി ചർച്ചയ്ക്ക് ഇരിക്കാൻ കെ.വി.തോമസ് പ്രേരിപ്പിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ള അദ്ദേഹത്തോട് വൈകിട്ടോടെ വീണ്ടും സംസാരിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉടനെ പരിഗണിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയതായും വിവരമുണ്ട്.
കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനമടക്കം പല കാര്യങ്ങളിലും കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്നും കെ.വി.തോമസ് ഉറപ്പ് വാങ്ങിയിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം വരാത്തതാണ് അദ്ദേഹത്തെ കടുത്ത നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നത്.
1984 മുതൽ 2019 വരെ എംപി, എംഎൽഎ, കേന്ദ്രമന്ത്രി, മന്ത്രി തുടങ്ങി വിവിധ പദവികൾ കൈകാര്യം ചെയ്യുന്ന ആളാണ് കെ.വി.തോമസ്. ലോക്സഭയിൽ എറണാകുളത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തെ കഴിഞ്ഞ തവണ പാർട്ടി മാറ്റി നിർത്തുകയും പകരം ഹൈബി ഈഡനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോൾ മുതൽ ഉചിതമായ സ്ഥാനം തനിക്ക് വേണമെന്ന സമ്മർദ്ദം അദ്ദേഹം പാർട്ടിയിൽ ചെലുത്തി വരികയായിരുന്നു.
കെപിസിസി വർക്കിംഗ് പ്രസിഡൻ്റ്, യുഡിഎഫ് കൺവീനർ സ്ഥാനം, നിയമസഭാ സ്ഥാനാർത്ഥിത്വം എന്നിവയിലൊന്നാണ് അദ്ദേഹം ഇനി പ്രതീക്ഷിക്കുന്നതെന്നാണ് സൂചന. എന്നാൽ ഈ പദവികളിലൊന്നിലേക്കും പാർട്ടി അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്ന് വന്നതോടെയാണ് ഇടതുക്യാംപിലേക്ക് പോകുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് കെവി തോമസ് നീങ്ങുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.