KeralaNews

തേങ്ങയുടക്കാൻ വെല്ലുവിളിച്ച, മുണ്ടക്കൽ ശേഖരാ, ഇതാ കാമ്പും കരിക്കിൻ വെള്ളവും ചോർന്നു പോകാത്ത വിധിയുടെ പകർപ്പ്….കത്വ ഫണ്ട് തട്ടിപ്പുകേസില്‍ പി.കെ.ഫിറോസിനെതിരായ ഉത്തരവുമായി കെ.ടി.ജലീല്‍

മലപ്പുറം: യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസിനും സി.കെ. സുബൈറിനുമെതിരെ ഉയർന്ന കത്വ ഫണ്ട് തട്ടിപ്പ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പരാതിയിലെ ആരോപണങ്ങൾ. കള്ളമാണെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് അന്വേഷിച്ച പൊലീസ് സംഘം കഴിഞ്ഞ മാസം റിപ്പോർട്ട് നൽകിയത്. എന്നാൽ, സി കെ സുബൈറിനെയും പി കെ ഫിറോസിനെയും കുറ്റവിമുക്തരാക്കിയ പൊലീസ് റിപ്പോർട്ട് തള്ളികൊണ്ട് കുന്നമംഗലം കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി കെ ടി ജലീൽ വാദിക്കുന്നു. യൂത്ത് ലീഗ് നേതാക്കളെ കെ ടി ജലീൽ വെല്ലുവിളിച്ചു കൊണ്ട് ഉത്തരവിന്റെ പകർപ്പുമായി അദ്ദേഹം പോസ്റ്റുമിട്ടു.

ഇന്ത്യൻ ശിക്ഷാനിയമം u/s 420 r/w 34 അനുസരിച്ച് ശിക്ഷാർഹമായ കുറ്റത്തിന് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ, CC409/23 ആയി കേസ് ഫയലിൽ സ്വീകരിച്ചിരിക്കുന്നുവെന്നുമാണ് ഉത്തരവിലുള്ളതെന്ന് ജലീൽ വിവരിച്ചിട്ടുണ്ട്. കുറ്റാരോപിതരായ രണ്ടു പേർക്കും സമൻസ് അയച്ചെന്നും കേസ് 9.2.2024 ന് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

എന്നാൽ, ജലീലിന്റെ വാദം ശരിയല്ലെന്നാണ് യൂത്ത് ലീഗ് നേതാക്കൾ പറയുന്നത്. ഉത്തരവിൽ പൊലീസ് റിപ്പോർട്ട് തള്ളിയ ഭാഗമില്ലെന്നും അവർ എതിർവാദം ഉന്നയിക്കുന്നു.

കെ ടി ജലീലിന്റെ കുറിപ്പ്:

ശേഖരാ! കത്വ ഫണ്ട് തട്ടിപ്പിന്റെ കോടതി ഉത്തരവ് ഇതാ! നല്ലോണം വായിച്ച് മനസ്സിലാക്ക്!

യൂത്ത് ലീഗിന്റെ കത്വ – ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ സി കെ സുബൈറിനെയും പി കെ ഫിറോസിനെയും കുറ്റവിമുക്തരാക്കി, സർക്കിൾ ഇൻസ്‌പെക്ടർ യൂസഫ് നൽകിയ പൊലീസ് റിപ്പോർട്ട് തള്ളി, ബഹുമാനപ്പെട്ട കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അവസാന പാരഗ്രാഫിന്റെ പകർപ്പാണ് ഇമേജിൽ. അതിങ്ങനെ പരിഭാഷപ്പെടുത്താം.

‘ഹാജരാക്കിയ രേഖയിൽ നിന്നും പരാതിക്കാരന്റെ സത്യവാങ്മൂലത്തിൽ നിന്നും പരാതിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങളിൽ നിന്നും ഇന്ത്യൻ ശിക്ഷാനിയമം u/s 420 r/w 34 അനുസരിച്ച് ശിക്ഷാർഹമായ കുറ്റത്തിന് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതിനാൽ, CC409/23 ആയി കേസ് ഫയലിൽ സ്വീകരിച്ചിരിക്കുന്നു. കുറ്റാരോപിതരായ രണ്ടു പേർക്കും സമൻസ് അയക്കുന്നു. 9.2.2024-ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു’.

‘തേങ്ങയുടക്കാൻ വെല്ലുവിളിച്ച, മുണ്ടക്കൽ ശേഖരാ, ഇതാ കാമ്പും കരിക്കിൻ വെള്ളവും ചോർന്നു പോകാത്ത വിധിയുടെ പകർപ്പ്. നാവിന് എല്ലില്ലെന്ന് കരുതി എന്തും പുലമ്പാൻ നിൽക്കരുത്. ജീവനിൽ പേടിയില്ലാത്തവരോട് യുദ്ധത്തിന് ഇറങ്ങുമ്പോൾ സൂക്ഷിക്കണം.

യൂത്ത് ലീഗിനോട് മുട്ടാൻ ഉശിരുള്ളവന് ഒരു മൂപ്പും വേണ്ട ശേഖരാ. മുപ്പത്തൊമ്പതാം വയസ്സിലാണ് ‘ഒരു കൊട്ടക്കൈലോളം’ പോന്ന ‘കുട്ടിച്ചേകവർ” സാക്ഷാൽ ലീഗിനോട് അങ്കത്തിനിറങ്ങിയത്. അന്നാണ് ഒരു കുഴിയാന മദയാനയെ മുട്ടുകുത്തിച്ചത്. അന്നുതന്നെയാണ് പീരങ്കിപ്പട പോർമുഖം നിറഞ്ഞാടിയിട്ടും, പാവം മൂട്ടയെ കൊല്ലാൻ വില്ലാളിവീരന്മാർക്ക് കഴിയാതിരുന്നത്.

സംശയമുണ്ടെങ്കിൽ തലതൊട്ടപ്പന്മാരായ മുത്തപ്പന്മാരോട് ചോദിച്ച് നോക്ക്. എന്നിട്ടല്ലേ ഓജസ്സും തേജസ്സും ചോർന്നുപോയ പുത്തൻ യൂത്ത് ലീഗ്!….’അന്ത്യനാളിൽ എല്ലാ പാപങ്ങളും അള്ളാഹു പൊറുക്കും. സാമ്പത്തിക തട്ടിപ്പൊഴികെ’ എന്ന പ്രവാചക വചനം ‘അർഷിന്റെട തണൽ മുൻകൂർ പതിച്ചു കിട്ടിയ പച്ചപ്പതാകക്കാർ ഓർക്കുന്നത് നന്നു.

പൊലീസ് റിപ്പോർട്ടിൽ പറഞ്ഞത്

സംഘടനാപരമായ പ്രശ്നങ്ങളിൽ നിന്നുണ്ടായ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ നൽകിയ പരാതിയാണ് ഫണ്ട് തട്ടിപ്പ് എന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കത്വ, ഉന്നാവ് പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ എന്നപേരിൽ സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണം.

കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗിൽ നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരൻ. 2021 ലാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്. എന്നാൽ പരാതിക്കാരൻ രാഷ്ട്രീയ വൈരാഗ്യത്താൽ കളവായി ഒരു പരാതി നൽകിയെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ മത്സരിച്ച ഫിറോസിനെതിരെ ഇടതുപക്ഷം ഈ ആരോപണം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button