പാലക്കാട്: കുഷ്ഠ രോഗികളെ അപമാനിക്കുന്ന പരാമർശവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎയ്ക്കെതിരെ മാധ്യമങ്ങൾ ദുഷ്ടലാക്കോടെ പ്രവൃത്തിക്കുന്നുവെന്നും കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്കെന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം. കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിനെ കുറിച്ച് പ്രതികരിക്കവെയാണ് സുരേന്ദ്രന്റെ പരാമർശം.
കലാമണ്ഡലം ഗോപിയുടെ മകന്റേത് വ്യാജപ്രചാരണം എന്ന് തെളിഞ്ഞു. സുരേഷ്ഗോപിക്കെതിരെ വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. അര ദിവസത്തെ ആയുസ്സ് പോലും ഈ വ്യാജപ്രചാരണങ്ങൾക്കില്ല. കള്ള പ്രചാരണങ്ങൾ ഇല്ലാതാക്കാനുള്ള സംവിധാനം എൻഡിഎയ്ക്കുണ്ട്. മാധ്യമങ്ങൾ എൽഡിഎഫിനും യുഡിഎഫിനും അമിത പ്രാധാന്യം നൽകുന്നു. എൻഡിഎയ്ക്കെതിരെ ദുഷ്ടലാക്കോടെ പ്രവൃത്തിക്കുന്നുവെന്നും കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങൾക്കെന്നുമായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.
പ്രധാനമന്ത്രിയുടെ സന്ദർശനം ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ്. മോദിയുടെ ജനപിന്തുണ കേരളത്തിൽ വർധിക്കുന്നുണ്ട്. മോദിയുടെ ഗ്യാരന്റിയാണ് കേരളം ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയം. സികെ പത്മനാഭന്റെ പരാമർശം മാധ്യമ സൃഷ്ടിയാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിഎഎ വിജ്ഞാപനം വന്ന ശേഷം യാതൊരു പ്രകോപനപരമായ സംഭവങ്ങളും സംസ്ഥാനത്ത് ഉണ്ടായില്ല. പക്ഷെ മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. വർഗീയ ധ്രൂവീകരണം ലക്ഷ്യം വെച്ച് വർഗീയ പരാമർശങ്ങൾ നിരന്തരം നടത്തുന്നുണ്ട്.
സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെടുന്നില്ല. വികസനവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും സ്ത്രീകൾ കൊലചെയ്യപ്പെടുകയാണ്.എസ്എഫ്ഐ ഗുണ്ടായിസം കാരണം സർവകലാശാലകളിൽ പോകാൻ കുട്ടികൾ മടിക്കുന്നു.
സംസ്ഥാനത്തെ ദാരുണ വിഷയങ്ങൾ ചർച്ച ആവാതിരിക്കാനാണ് മുഖ്യമന്ത്രി സ്ഥിരം സിഎഎ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ അജണ്ട ഏറ്റുപിടിക്കുകയാണ്. എന്നാൽ എൻഡിഎയ്ക്ക് കേരളത്തിലെ ജനങ്ങളുടെ വികസനമാണ് പ്രധാനമെന്നും സുരേന്ദ്രൻ പറഞ്ഞു.