KeralaNews

ഭർത്താവായാലും മരുമകനായാലും അമ്മായിയപ്പനായാലും ഉപ്പുതിന്നവൻ വെള്ളം കുടിക്കും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആരായാലും നിയമത്തിന് മുന്നില്‍ വരേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇ.ഡി അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാരിന് ഭയമില്ലെന്നും തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവേയായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

തുമ്മിയാല്‍ മൂക്ക് തെറിക്കണമെന്ന് ഞങ്ങളാരോടും പറഞ്ഞിട്ടില്ല. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. അതിപ്പോള്‍ ഭര്‍ത്താവായാലും മരുകനായാലും അമ്മായിയപ്പനായാലും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍, അനധികൃതമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ല.

അഴിമതി നടത്തിയിട്ടില്ലെങ്കില്‍ ആരും തുമ്മാനും പോകുന്നില്ല ആരുടെയും മൂക്ക് തെറിക്കാനും പോകുന്നില്ല. അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ആര് ശ്രമിച്ചാലും മൂക്ക് തെറിക്കാതിരിക്കുകയുമില്ല. എല്ലാവരും നിയമത്തിന് അധീനരാണ് എന്നകാര്യം എല്ലാവരും ഓര്‍ത്തിരുന്നാല്‍ നല്ലത്.

കെജ്രിവാള്‍ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ട് അദ്ദേഹത്തെ ഏഴ് ദിവസത്തെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിടുകയാണ് സുപ്രീംകോടതി ചെയ്തത്. ഒരു കുറ്റവും ചെയ്തില്ല എന്ന് എല്‍ഡിഎഫും യുഡിഎഫും വെറുതെ പ്രചരിപ്പിക്കുകയാണ്. കുറ്റം ചെയ്തവരാണ് നിയമത്തിനുമുന്നില്‍ എത്തുന്നത്. കുറ്റം ചെയ്യാത്തവര്‍ പേടിക്കേണ്ട കാര്യമില്ല.

കേരളത്തിലെ സഹകരണ മേഖലയില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ അഴിമതി നടക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഇവരുടെ ഇപ്പോഴത്തെ ഐക്യമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിണറായി വിജയനും മകളും മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അടക്കമുള്ളവരും വാങ്ങിയിട്ടുണ്ട്. അഴിമതി നടത്തിയവരുടെ വേവലാതിയാണ് ഐക്യപ്പെടലിന് കാരണം. ഈ അഴിമതിക്കാര്‍ക്കെതിരെ ആണ് എന്‍ഡിഎയുടെ പോരാട്ടം.

കള്ളന്മാരെല്ലാം വിചാരിക്കുന്നത് വട്ടത്തില്‍ കൂടിനിന്നാല്‍ രക്ഷപ്പെടാമെന്നാണ്. കള്ളന്മാരുടെ മനസ്ഥിതി അങ്ങനെയാണ്. ആര് എവിടെയൊക്കെ പോയി ആരെ കണ്ടാലും എന്തൊക്കെ ചെയ്താലും അഴിമതിക്കാര്‍ കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊടകര വിഷയത്തില്‍ തന്റെ പേരില്‍ ഒരുകേസുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആരുവിചാരിച്ചാലും കേസെടുക്കാനാകില്ല. അവിടെ കുഴല്‍പ്പണ ഇടപാട് നടന്നിട്ടില്ല, പിന്നെങ്ങനെ കേസെടുക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ബിജെപിയില്‍ എത്തിയാല്‍ അഴിമതി ഇല്ലാതാകുമെന്ന ആരോപണം പ്രതിപക്ഷം എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ്. ഡല്‍ഹി പി.സി.സി. അധ്യക്ഷന്റെ കത്ത് പുറത്തുവരികയും ചെയ്തു. ഇപ്പോള്‍ അറസ്റ്റ് നടന്നപ്പോള്‍ അത് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button