തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയിൽ അക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഞങ്ങളുടെ പാർട്ടി ഓഫീസുകളെ, ഞങ്ങളുടെ കുട്ടികളെ, ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ടെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സമരങ്ങളുടെ തീച്ചൂളകൾ കടന്നു വന്നവരാ ഞങ്ങൾ. ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എൻ്റെ കുട്ടികൾ. ഇനിയും അവരെ പ്രകോപിപ്പിക്കരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷ നേതാവിനെ വഴി നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സിപിഎം ഗുണ്ടാസംഘം അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ അക്രമിച്ച് കേറി വധശ്രമം നടത്തിയെന്നും ഉന്നത രാഷ്ട്രീയ നേതാക്കൾ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകർന്നിരിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.
കോൺഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാൻ ഇവിടെ പൊലീസുണ്ട്. പൊലീസിനും പൊലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സിപിഎം ഗുണ്ടകൾ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നതെന്നും സുധാകരൻ ചോദിച്ചു. സ്വർണ്ണക്കള്ളക്കടത്തും കറൻസി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാൻ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുറിപ്പിന്റെ പൂർണരൂപം
പ്രതിപക്ഷ നേതാവിനെ വഴി നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സിപിഎം ഗുണ്ടാസംഘം അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ അക്രമിച്ച് കേറി വധശ്രമം നടത്തിയിരിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കൾ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകർന്നിരിക്കുന്നു. കോൺഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാൻ ഇവിടെ പോലീസുണ്ട്.
പോലീസിനും പോലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി പി എം ഗുണ്ടകൾ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നത്?
ഞങ്ങളുടെ പാർട്ടി ഓഫീസുകളെ, ഞങ്ങളുടെ കുട്ടികളെ, ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ഒക്കെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ട.
സമരങ്ങളുടെ തീച്ചൂളകൾ കടന്നു വന്നവരാ ഞങ്ങൾ. ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എൻ്റെ കുട്ടികൾ. ഇനിയും അവരെ പ്രകോപിപ്പിക്കരുത്. സ്വർണ്ണക്കള്ളക്കടത്തും കറൻസി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാൻ നോക്കുകയാണ്. വിട്ടുവീഴ്ചകളില്ലാതെ കോൺഗ്രസ് സമരം തുടരും. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ ഇനിയും തെരുവുകളിൽ ജനപക്ഷത്ത് തന്നെയുണ്ടാകും.