KeralaNews

മനസ്സില്‍ അടിഞ്ഞിരിക്കുന്ന ജാതി ചിന്ത പെട്ടെന്ന് പോവില്ല, അതിങ്ങനെ തികട്ടിവരും’; കെ രാധാകൃഷ്ണന്‍

തൃശ്ശൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസില്‍ പറയാന്‍ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നോട്ടീസില്‍ എന്തുണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് വിവിധ പരിപടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നോട്ടീസില്‍ എന്തുണ്ടെന്ന് അറിയില്ല. നോട്ടീസില്‍ പറയാന്‍ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കും. മനസ്സില്‍ അടിഞ്ഞിരിക്കുന്നു ജാതി ചിന്ത പെട്ടന്ന് പോവില്ല. അതിങ്ങനെ തികട്ടിവരുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ജാതിക്കെതിരായ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിത്. എന്നിട്ടും ചിലതൊക്കെ അവശേഷിച്ച് കിടക്കുന്നു. മാറ്റുക എന്നത് വലിയ പോരാട്ടത്തിലൂടെ യേ അത് മാറ്റാനാകൂ. ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണം. കേരളീയം വിഷയത്തില്‍ മുഖ്യമന്ത്രിയും താനും പറഞ്ഞത് ഒരേ അഭിപ്രായമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ക്ഷേത്രപ്രവേശന വിളംബരദിന വാര്‍ഷിക പരിപാടിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. നോട്ടീസിലെ ഉള്ളടക്കമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാംസ്‌കാരിക-പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി മധുസൂദനന്‍ നായര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് നോട്ടീസ്.

ധന്യാത്മന്‍,

പുണ്യശ്ലോകനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്രപ്രവേശന വിളംബരദിവസം സ്ഥാപിതമായ ശ്രീ ചിത്രാ കേന്ദ്ര ഹിന്ദുമത ഗ്രന്ഥശാല ‘സനാധനധര്‍മ്മം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക’ എന്ന ഉദ്ദേശ്യത്തോടുകൂടി സ്മൃതിസന്നിഭമായ ആ രാജകല്പനയുടെ സ്മാരകമായി നിലകൊള്ളുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 50ാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ നിര്‍മ്മിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമര്‍പ്പണവും 87ാം ക്ഷേത്രപ്രവേശന വിളംബരദിന സ്മരണ പുതുക്കലും

ക്ഷേത്രപ്രവേശനവിളംബരദിനമായ 27-3-1199(2023 നവംബര്‍ 13) തീയതി തിങ്കളാഴ്ച രാവിലെ 9.30ന് ബഹു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തില്‍ ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈവിശിഷ്ട്യം കൊണ്ടും മഹാജനങ്ങളുടെ സ്നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂര്‍ രാജ്ഞിമാരായ എച്ച്.എച്ച് പൂയം തിരുനാള്‍ ഗൗരീപാര്‍വ്വതിഭായീ തമ്പുരാട്ടിയും എച്ച്.എച്ച് അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംഭരഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. പ്രസ്തുത മഹനീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്നതിലേയ്ക്കായി എല്ലാ ഭക്തജനങ്ങളെയും ദേവസ്വം ഉദ്യോഗസ്ഥരെയും സുവിനീതം സ്വാഗതം ചെയ്തുകൊള്ളുന്നു.

ആശംസകളോടെ,

ഡയറക്ടര്‍,

സാംസ്‌കാരിക-പുരാവസ്തു വകുപ്പ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്’, എന്നാണ് നോട്ടീസ്.

നോട്ടീസിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ രംഗത്തെത്തി. തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരപുരസ്‌കാരങ്ങള്‍ ദളിത് സമൂഹത്തിലെ പ്രതിഭകള്‍ക്ക് നല്‍കിവരുന്നുത്.

ഡോ.പല്‍പ്പു ഉള്‍പ്പടെ നിരവധി മഹാപ്രതിഭകളുടെ കണ്ണീരുവീണ സ്ഥലമാണ് തിരുവതാംകൂര്‍ കൊട്ടാരം. ആലപ്പുഴയിലെ ഗ്രാമങ്ങളില്‍ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ല. രണ്ട് അഭിനവ ‘തമ്പുരാട്ടി’മാരിലൂടെ ആ നാടുവാഴിത്ത മേധാവിത്തത്തേയും സംസ്‌കാരത്തേയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button