KeralaNews

കെ.മുരളീധരനും രാജിവെച്ചു,ബെന്നി ബെഹനാന്റെ രാജിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള അതൃപ്തിയെ തുടര്‍ന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന്‍ രാജിവച്ചു. രാജിക്കാര്യം അറിയിച്ച് കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ടാണ് മുരളീധരന്‍ സോണിയ ഗാന്ധിയ്ക്ക് രാജികത്ത് നല്‍കിയത്. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന ആക്ഷേപം ഉണ്ടെന്നും ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കണ്ടല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി.

നേരത്തെ ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചിരുന്നു.കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർ‍ത്തകൾ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു രാജി. എം എം ഹസനെ കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേരത്തെ തന്നെ ഹൈക്കമാൻഡിന് കത്ത് നൽകിയിട്ടുണ്ട്.

എ ഗ്രൂപ്പിനുള്ളിലെ തർക്കമാണ് ബെന്നി ബെഹന്നാന്‍റെ നാടകീയരാജി പ്രഖ്യാപനത്തിലെത്തിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ യുഡിഎഫ് സ്ഥാനത്ത് നിന്ന് ബെന്നിയെ മാറ്റാൻ തീരുമാനിച്ചതാണ്. കെപിസിസി അധ്യക്ഷസ്ഥാനമൊഴി‍‍ഞ്ഞ ഹസനെ കൺവീനർ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ബെന്നി മാറാൻ തയ്യാറായില്ല. മാന്യമായി രാജി വയ്ക്കാൻ അവസരം ഒരുക്കണമെന്ന ബെന്നിയുടെ അഭിപ്രായം കാരണം തീരുമാനം വൈകി.

ഇതിനിടെ ബെന്നിയുടെ രാജി വൈകിയത് എ ഗ്രൂുപ്പിനുള്ളിൽ തർക്കമായി.കെസി ജോസഫ് തമ്പാനൂർ രവി ഉൾപ്പടെയുള്ള നേതാക്കൾ ഉമ്മൻചാണ്ടിയെ അതൃപ്തി അറിയിച്ചു. ഉമ്മൻചാണ്ടിയുടെ തീരുമാനത്തിൽ അസ്വസ്ഥനായ ബെന്നി രമേശ് ചെന്നിത്തലയോട് കൂടുതൽ അടുത്തു. ഇതിനിടെ ബെന്നിയും ഉമ്മൻചാണ്ടിയും തമ്മിൽ അഭിപ്രായവ്യത്യാസമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ രാജിപ്രഖ്യാപനത്തിലേക്ക് കാര്യങ്ങളെത്തി.

പാർലമെന്‍റ് സമ്മേളനത്തിന് ശേഷം രാജി വയ്ക്കാമെന്ന് ബെന്നി അറിയിച്ചിരുന്നതാണ് വിവരം. എന്നാൽ നടകീയരാജി പ്രഖ്യാപനം യുഡിഎഫിൽ അമ്പരപ്പുണ്ടാക്കി. സർക്കാരിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന മുന്നണി നേതൃത്വത്തെ തന്നെ ചോദ്യം ചെയ്ത് കൊണ്ടുള്ള കൺവീനറുടെ രാജി പ്രഖ്യാപനം തിരിച്ചടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker