ബഷീറിന് തലസ്ഥാന നഗരി വിടനല്‍കി; ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: ചുണ്ടില്‍ എന്നും ചെറുപുഞ്ചിരി ഒളിപ്പിച്ചിരുന്ന സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരത്തിന് തലസ്ഥാന നഗരി വിടനല്‍കി. കാറപകടത്തില്‍ മരണമടഞ്ഞ സിറാജ് തിരുവനന്തപുരം ബ്യുറോ ചീഫ് കെ.മുഹമ്മദ് ബഷീറിന്റെ (35)ഭൗതികദേഹം പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം ഉച്ചയോടെ വിട്ടുനല്‍കിയിരുന്നു. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം ഭൗതികദേഹം തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും ബഷീറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സമീപ ജില്ലകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും സഹപ്രവര്‍ത്തകനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. നിശ്ചയിച്ചതിലും ഒന്നര മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം സ്വദേശമായ തിരൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. മയ്യത്ത് സംസ്‌കാരം വടകരയില്‍ നടക്കും.
തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ‘കെ.എം.ബി’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബഷീര്‍ കൂട്ടായ്കളിലെ നിറസാന്നിധ്യമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടവാര്‍ത്തയില്‍ ബഷീര്‍ മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മാധ്യമലോകം കേട്ടത്. കൊല്ലത്ത് സിറാജ് പത്രത്തിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അമിതവേഗതയില്‍ വന്ന കാര്‍ ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത്.