കൊറോണ; വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ നിര്‍ബന്ധമായും മാറ്റിവെക്കണം, വൈറസ് വ്യാപിച്ച് തുടങ്ങിയാല്‍ പിടിച്ച് നിര്‍ത്താര്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി
കൊല്ലം: കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവര്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്നും ആരോഗ്യവകുപ്പു നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനമാണ്. വൈറസ് വ്യാപിച്ചുതുടങ്ങിയാല്‍ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാത്ത ആരും മറ്റുള്ളവരുമായി സമ്പര്‍ക്കംപുലര്‍ത്താന്‍ പാടില്ല. ഏകദേശം 28 രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്നു വന്നവരും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
രോഗത്തില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വിശ്രമവും ഐസൊലേഷനുമാണു കൃത്യമായ ചികിത്സയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 59 സാമ്പിളുകളാണ് കേരളത്തില്‍നിന്നു നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 24 എണ്ണത്തിന്റെ റിസള്‍ട്ട് കിട്ടി. ഇതില്‍തന്നെ ഒരെണ്ണം മാത്രമാണ് ഇതുവരെ പോസിറ്റീവായി കണ്ടെത്തിയത്. 1793 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1723 പേര്‍ വീട്ടിലും 70 പേര്‍ ആശുപത്രിയിലുമാണ് കഴിയുന്നത്.