പ്രതിഷേധം ആളിക്കത്തുന്നു; ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ അറസ്റ്റില്‍, ചെന്നെയില്‍ പ്രമുഖര്‍ ഉള്‍പ്പെടെ 600 പേര്‍ക്കെതിരെ കേസെടുത്തു
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തും പ്രതിഷേധം ആളിക്കത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറസ്റ്റില്‍. ചെന്നൈയില്‍ പൗരത്വ പ്രക്ഷോഭത്തില്‍ പ്രമുഖരുള്‍പ്പെടെ 600 പേര്‍ക്കെതിരെ കേസെടുത്തു. ടി.എം കൃഷ്ണ, സിദ്ധാര്‍ഥ്, നിത്യാനന്ദ് ജയറാം എന്നിവരും പട്ടികയിലുണ്ട്.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലക്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്താകമാനം 3500 ലധികം ആളുകള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരില്‍ 200 പേര്‍ ലക്നൗവില്‍ കസ്റ്റഡിയിലാണ്. മംഗുളൂരുവിലും ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്.
ഞായറാഴ്ച അര്‍ധരാത്രി വരെ മംഗുളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ നിന്നു മംഗുളൂരുവിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് വാഹനങ്ങള്‍ തടയുന്നുണ്ട്. കോഴിക്കോട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു. മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ച സംഭവത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.