തിരുവനന്തപുരം: യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ രംഗത്ത്. ഇയാൾക്കെതിരെ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാന്‍ വരാത്തവിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളും. പണക്കൊഴുപ്പും അഹങ്കാരവുമാണ് സഞ്ജു ടെക്കിയെ നയിക്കുന്നതെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.
സഞ്ജു ടെക്കിയുടെ മുന്‍ യൂട്യൂബ് വീഡിയോകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വീഡിയോകൾ ഇനിയുമുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും.ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്ന് സഞ്ജു ടെക്കിയുടെ ആരാധകരോട് മന്ത്രി പറഞ്ഞു. പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം.
മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി ഉയർത്തുന്നവർ പഴയ കാലമല്ല ഇതെന്ന് ഓർക്കണമെന്നും മന്ത്രി അറിയിച്ചു.തന്റെ ടാറ്റ സഫാരി കാറിന്റെ നടുവിലെ സീറ്റ് അഴിച്ചുമാറ്റി ‘സ്വിമ്മിങ് പൂൾ’ തയ്യാറാക്കുകയായിരുന്നു സഞ്ജു ടെക്കി. തുടർന്ന് ഇത് നിരത്തിലൂടെ ഓടിക്കുകയും ചെയ്തു. സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനുമെതിരെ എംവിഡി നടപടികളുമായി മുമ്പോട്ട് പോകുകയാണ്. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തു.