KeralaNews

പെണ്‍കരുത്തില്‍ കണ്ണൂരിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനം: എസ്എഫ്ഐയെ ഇനി അനുശ്രീ നയിക്കും

കണ്ണൂര്‍: ചരിത്രത്തിലാദ്യമായി കണ്ണൂരിലെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തെ ഇനി പെണ്‍കരുത്ത് നയിക്കും. ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂര്‍ വീണ്ടും ചരിത്രം കുറിച്ചു. വിപ്ലവ ഭൂമിയായ കണ്ണൂരില്‍ എസ്. എഫ്. ഐയെന്ന വിദ്യാര്‍ത്ഥി യുവ ജന പ്രസ്ഥാനത്തെ ഇനി വനിതാ നേതൃത്വം നയിക്കുന്നത് പുതുമായി.

എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി വൈഷ്ണവ് മഹേന്ദ്രനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ശരത്ത് രവീന്ദ്രന്‍, ജി എല്‍ അനുവിന്ദ്, പി ജിതിന്‍ (വൈസ് പ്രസി്), അഞ്ജലി സന്തോഷ്, പി എസ് സഞ്ജീവ്, കെ സാരംഗ് (ജോ. സെക്ര). 61 അംഗ ജില്ലാ കമ്മിറ്റിയെയും 19 അംഗ സെക്രട്ടറിയേറ്റിനെയും 44 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന അധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍, കാസറഗോഡ്, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമാണ് കണ്ണൂര്‍ സര്‍വകലാശാലക്ക്.

സില്‍വര്‍ ജൂബിലി നിറവില്‍ നില്‍ക്കുന്ന സര്‍വകലാശാല അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിറകിലാണ്. എട്ടു ക്യാമ്പസുകളിലായി 27ഓളം ഡിപ്പാര്‍ട്ട്‌മെന്റുകളും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഇവിടെയുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആനുപാതികമായ അധ്യാപകരില്ലാത്തത് ക്യാമ്പസുകളെ പിന്നോട്ടടിപ്പിക്കുന്നു.

ആവശ്യത്തിന് ഗൈഡുമാരില്ലാത്തത് ഗവേഷകരെയും സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ നാക്ക് വിസിറ്റിങ്ങില്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ച പോരായ്മ സ്ഥിരം അധ്യാപകരുടെ കുറവാണ്. അധ്യാപക തസ്തിക അനിവാദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടും നിയമനം ഇഴയുകയാണ്. സര്‍വകലാശാലക്ക് അനുവദിച്ച അധ്യാപക തസ്തികകള്‍ നിയമനം നടത്തി അധ്യാപക ക്ഷാമം നികത്തണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരള വികസനത്തിന്റെ നാഴികക്കല്ലായി മാറേണ്ട തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള കെ-റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കണം, സര്‍വകലാശാലക്ക് കീഴില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കണം, പാരലല്‍ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. മയ്യില്‍ സാറ്റ്ക്കോസ് ഓഡിറ്റോറിയത്തിലെ ‘ധീരജ്’ നഗറില്‍ ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു.

പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി ഷിബിന്‍ കാനായിയും സംഘടനാ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചക്ക് സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും മറുപടി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത്ത്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി അതുല്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സരിന്‍ ശശി, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി കെ ശ്യാമള തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button