ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം: പോലീസിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് ജസ്റ്റിസ് കെമാല്‍ പാഷ
തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ഒരാള്‍ അശ്രദ്ധമായി വണ്ടിയോടിക്കുകയും അത് മൂലം മരണമുണ്ടാകുകയും ചെയ്താല്‍ 304 അ ആണ് ചുമത്തുക. അത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ അത് കുറ്റകരമായ നരഹത്യയിലേക്ക് മാറും. അതായത് 299 റെഡ് 4 ലെ 304. അത് ജാമ്യം കിട്ടത്തെ വകുപ്പാണ്. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചകള്‍ അദ്ദേഹം വിശദീകരിച്ചത്.
അപകട ശേഷം ആശുപത്രിയിലെത്തിച്ചതിന് ശേഷം മദ്യപിച്ചു എന്ന സംശയമുണ്ടായിരുന്നെങ്കില്‍ അത് പരിശോധിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെ മണമുണ്ടായാല്‍ മാത്രം പോര. രക്തത്തില്‍ മദ്യത്തിന്റെ അളവ് ഉണ്ടെങ്കില്‍ മാത്രമെ മദ്യപിച്ചുണ്ടെന്ന് പറയാന്‍ പറ്റൂ. സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന് പറഞ്ഞാല്‍ സുഹൃത്തിനെ ഊബര്‍ ടാക്സിയില്‍ കയറ്റി വിടുകയല്ല ചെയ്യേണ്ടത്. ആ വാഹനം ഓടിച്ച ആളെ അറസ്റ്റ് ചെയ്യണ്ടേ എന്നും കെമാല്‍ പാഷ ചോദിക്കുന്നു. സുഹൃത്തായിരുന്നു അതോ ശ്രീറാമാണോ വണ്ടിയോടിച്ചത് എന്ന സംശയമുണ്ടെങ്കില്‍ ആ സംശയത്തിന്റെ ആനുകൂല്യം വിചാരണ വേളയിലല്ലേ വേണ്ടത്. പ്രാഥമിക ഘട്ടത്തില്‍ ബ്ലഡ് ടെസ്റ്റെടുക്കാനുള്ള നടപടിയാണ് പോലീസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ഡോക്ടര്‍ക്ക് അതിനായി ആവശ്യപ്പെടാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്തപരിശോധന നടത്താന്‍ ആളുടെ സമ്മതം ആവശ്യമാണെന്ന പൊലീസ് വാദത്തേയും കെമാല്‍ പാഷ തള്ളി.
‘മദ്യപിച്ചുകൊണ്ട് സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത ആളുടെ അനുവാദം എന്തിനാണ് വേണ്ടത്. ഇത് അത്തരത്തിലുള്ള ടെസ്റ്റ് ഒന്നുമല്ല. ആളുടെ അനുവാദം വാങ്ങേണ്ട ബ്ലഡ് ടെസ്റ്റ് വേറെയാണ്. ഇവിടെ ഇതിന് അതൊന്നും കാരണമല്ല. ചെയ്യപ്പെട്ട കുറ്റം പ്രൂവ് ചെയ്യാന്‍ പോലീസിന് അത് ആവശ്യപ്പെടാനു അതിന് മതിയായ ഫോഴ്സും ഉപയോഗിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കായി രക്തസാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.