24.7 C
Kottayam
Sunday, May 19, 2024

Vismaya Case :വിസ്മയ കേസിൽ വിധി 23-ന്

Must read

കൊല്ലം: വിസ്മയ കേസില്‍ മേയ് 23-ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കോടതി വിധി പറയുന്നത്.

ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായി ഭര്‍ത്താവ് കിരണ്‍കുമാറിനെതിരേയാണ് കേസ്.

2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍കുമാര്‍ ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്കയച്ചതില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുള്‍പ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയും കോടതിയില്‍ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week