പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം; ജോയ് മാത്യു
കര്‍ഷക സമരത്തെ പിന്തുണയ്ക്കാതെ സ്വര്‍ണക്കടത്തും പാലാരിവട്ടം പാലവുമെല്ലാം ചര്‍ച്ചയാകുന്നതിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ, വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം, അതിനേക്കാള്‍ വമ്പന്‍മാര്‍ പുറത്ത് വിലസുകയാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ. വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം! മുദ്രവെച്ച കവറിനുള്ളില്‍ അവര്‍ കിടന്ന് ശ്വാസം മുട്ടട്ടെ. അതിനേക്കാള്‍ വമ്പന്‍മാര്‍ മുദ്രവെക്കാത്ത കവറില്‍ പുറത്ത് വിലസുന്നു. പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം? അതിനാല്‍ അത് വിട്. ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ. ആ തണുപ്പിലാണ് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ കൂടും കുടുംബവും വിട്ട് വിശന്നും തളര്‍ന്നും ജലപീരങ്കികളും വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ അതും ഈ കൊറോണക്കാലത്ത് നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു! മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു! നാണം വേണം നാണം.