ദുബായ്: ഏപ്രില്‍ 23 ന് ദുബായില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗള്‍ഫ് മാധ്യമമായ ഗള്‍ഫ് ന്യൂസിനോടാണ് ദുബായി പോലീസ് ഇത് സ്ഥിരീകരിച്ചത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ലഭിച്ചത് .ജോയ് അറക്കല്‍ ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ദുബായ് പോലീസ് പറഞ്ഞത്.
”ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് വ്യാഴാഴ്ച ഒരാള്‍ വീഴുന്നതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിസിച്ചിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് ആണെന്ന് ഈ ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തത് ,” ബര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സോറൂര്‍ പറഞ്ഞു.ആത്മഹത്യയ്ക്ക് പിന്നില്‍ സംശയകരമായ ക്രിമിനല്‍ പശ്ചാത്തലം യാതൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
ഇരുപത് വര്‍ഷത്തോളമായി യുഎഇ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ജോയ് അറക്കല്‍ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണവ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പടുത്തത്. ജുമൈറയില്‍ ഭാര്യ സെലിന്‍ മക്കളായ അരുണ്‍, ആഷ് ലി എന്നിവരോടൊപ്പമായിരുന്നു താമസം.