കാഞ്ഞങ്ങാട്: നാല് മാസം മുമ്പ് മുംബൈയിലെ ആശ്രമത്തിൽ വെച്ച് മരിച്ചത് കാസർകോട്ടെ മാധ്യമ പ്രവർത്തകൻ രമേഷ് നമ്പ്യാർ (50) ആണെന്ന് തിരിച്ചറിയുമ്പോൾ നിറയുന്നത് ദുരൂഹത. രണ്ട് ദിവസം മുമ്പ് ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് അജ്ഞാതനാണെന്ന് കരുതി സംസ്‌കരിച്ചയാൾ രമേഷ് നമ്പ്യാർ ആണെന്ന് വ്യക്തമായത്.
മഹാരാഷ്ട്ര രത്‌നഗിരിക്കടുത്ത് പാഴൂർ കൂടൽ സവിത ആശ്രമത്തിൽ കഴിഞ്ഞ ഒക്ടോബർ 26നായിരുന്നു മരണം. രണ്ട് ദിവസം കഴിഞ്ഞും ബന്ധുക്കൾ എത്താത്തതിനാൽ സംസ്‌കാരം ആശ്രമത്തിൽ തന്നെ നടത്തുകയായിരുന്നു. എന്നാൽ വീട്ടുകാർ മരണം അറിഞ്ഞതുമില്ല. ഇതാണ് ദുരൂഹമായി മാറുന്നത്. ആശ്രമത്തിനടുത്തുള്ള റെയിൽവേ സ്റ്റേഷന് സമീപം അവശനിലയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ രമേഷ് നമ്പ്യാരെ പ്രദേശവാസികൾ ആശ്രമത്തിൽ എത്തിക്കുകയായിരുന്നു.
അർധബോധാവസ്ഥയിൽ ആയിരുന്ന രമേഷ് നമ്പ്യാർ കേരളത്തിലുള്ള ആളാണെന്ന് അറിയിക്കുകയും ബന്ധുക്കളുടേതാണെന്ന് പറഞ്ഞ് ഒരു നമ്പർ നൽകുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഈ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ആരും എത്തിയിരുന്നില്ലെന്നാണ് ആശ്രമ അധികൃതർ വ്യക്തമാക്കിയത്. ഇതേ തുടർന്നാണ് സംസ്‌കാരം നടത്തിയത്. ഇത് ദുരൂഹമായി തുടരുന്നു.
ജന്മഭൂമി, മംഗളം, ജന്മദേശം തുടങ്ങിയ പത്രമാധ്യമങ്ങളിലും ഇന്ത്യാവിഷൻ, ജയ്ഹിന്ദ്, റിപോർടർ എന്നീ ദൃശ്യമാധ്യമങ്ങളിലും റിപോർടറായിരുന്ന രമേഷ് നമ്പ്യാർ കുറേകാലം ചെന്നൈയിലും ജോലി ചെയ്തിരുന്നു. അവിടെ നിന്നും കുടുംബ പ്രശ്‌നം മൂലം ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.
പിന്നീട് വീടുമായി വലിയ ബന്ധമില്ലാതെ ഇടയ്ക്കിടെ മാത്രം നാട്ടിൽ എത്തുന്ന സ്ഥിതിയായിരുന്നുവെന്നും ആറ് മാസം മുമ്പ് മാധ്യമ പ്രവർത്തകരുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. കാസർകോട് ജില്ലാ സഹകരണ ബാങ്ക് റിട. ഡെപ്യൂടി ജെനറൽ മാനജർ മാവുങ്കാലിലെ പരേതനായ തമ്പാൻ നായർ – ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എം പ്രദീപ് കുമാർ (എൽഐസി), പ്രസന്ന, പ്രസീത, പരേതനായ അശോകൻ.