ജോഷിമഠ് ∙ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടരുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ പ്രതിഷേധവുമായി നാട്ടുകാർ. മലരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകൾ പൊളിക്കുന്നതിന് എതിരെയാണു പ്രതിഷേധം. നൂറുകണക്കിനു വീടുകൾക്കു വിള്ളലുണ്ടാകുമെന്നാണു സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പറയുന്നത്.
2 ഹോട്ടലുകളും പൊളിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അധികൃതരുടെ നിലപാട്. ഹോട്ടലിനു സമീപം നിരവധി വീടുകളുണ്ട്. ഹോട്ടലുകൾ താഴേക്ക് ഇടിഞ്ഞുവീണാൽ ഈ വീടുകളും തകരും. അതിനാലാണു വിദഗ്ധ നിർദേശപ്രകാരം ഹോട്ടലുകൾ പൊളിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഹോട്ടൽ കെട്ടിടങ്ങൾ ചെരിഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
നാഷനൽ തെർമൽ പവർ കോർപറേഷന് (എൻടിപിസി) എതിരെയാണു നാട്ടുകാരുടെ പ്രതിഷേധം. എൻടിപിസിയുടെ തവോപൻ–വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയാണ് ദുരന്തത്തിനു കാരണമെന്നു നാട്ടുകാർ ആരോപിച്ചു. ഇക്കാര്യം എൻടിപിസി നിഷേധിച്ചു. പദ്ധതിയുടെ ഭാഗമായുള്ള തുരങ്കം ജോഷിമഠ് നഗരത്തിലൂടെ കടന്നുപോകുന്നില്ല. ഈ സമയങ്ങളിൽ സ്ഫോടനങ്ങൾ നടത്തിയിട്ടില്ലെന്നും എൻടിപിസി പ്രസ്താവനയിൽ വ്യക്തമാക്കി.
‘‘ഇതുവരെ 678 കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്നു കണ്ടെത്തി. കുറെപ്പേരെ ഒഴിപ്പിച്ചു. കെട്ടിടങ്ങൾ പൊളിക്കലും ആളുകളെ ഒഴിപ്പിക്കലും തുടരുകയാണ്. സംസ്ഥാന ദുരന്തപ്രതികരണ സേനയുടെ 8 ടീമും ദേശീയ ദുരന്തപ്രതികരണ സേനയുടെ ഒരു ടീമും പൊലീസും മറ്റും രക്ഷാപ്രവർത്തനത്തിനുണ്ട്.
ആവശ്യമെങ്കിൽ കൂടുതൽ പ്രദേശങ്ങൾ സീൽ ചെയ്യും. ശാസ്ത്രീയ പരിശോധനയും പഠനവും തുടരുകയാണ്.’’– ഡിജിപി അശോക് കുമാർ പറഞ്ഞു. ഉപഗ്രഹ സഹായത്തോടെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 4000ലേറെ പേരെയാണ് ഇതിനകം ജോഷിമഠിൽനിന്നു മാറ്റിപ്പാർപ്പിച്ചത്.