ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ജനതയ്ക്ക് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് കേരളത്തിന്റെ നിലപാടെന്ന് ജോസ് കെ.മാണി എംപി. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്ന തമിഴ്‌നാടിന്റെ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ ചെയ്യാവുന്നത് ചെയ്യുകയാണ് ആദ്യത്തെ ഘട്ടം. പക്ഷേ അതിനുകഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരം കണ്ടേപറ്റുവെന്നും ജോസ് കെ.മാണി വ്യക്തമാക്കി.
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് സൂചന. ഡാം തുറക്കുന്നതിലുള്ള ആശങ്ക കേരളം നിരവധി തവണ തമിഴ്‌നാടിനെ അറിയിച്ചിരുന്നുവെങ്കിലും തമിഴ്‌നാട് ഈ രീതി തുടരുകയായിരുന്നു. ഇതേതുടര്‍ന്നാണ് വിഷയം നിയമപരമായി തന്നെ നേരിടാന്‍ സംസ്ഥാനം തീരുമാനിച്ചത്.
ഡാം തുറക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ടെന്നും ഇത് മറ്റ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുമാണ് കേരളത്തിന്റെ ആശങ്ക.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഇന്നു ധര്‍ണ നടത്തും. പാര്‍ലമെന്റ് കവാടത്തില്‍ രാവിലെ പത്ത് മുതലാണ് ധര്‍ണ. തമിഴ്നാടിന്റെ ഏകപക്ഷീയ നടപടികള്‍ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.