കോട്ടയം: മാണി സി. കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്രയ്ക്ക് ഒരുങ്ങി ജോസ് കെ. മാണി. ഈ മാസം 21 മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള കോണ്‍ഗ്രസ് നിലപാടും സംബന്ധിച്ച രാഷ്ട്രീയ വിശദീകരണമാണ് ജോസ് കെ. മാണിയുടെ ലക്ഷ്യം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു സിറ്റിംഗ് എംഎല്‍എ മാണി സി. കാപ്പന്‍. കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലാ തിരികെ പിടിക്കാന്‍ രംഗത്ത് ഇറങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം. ജോസ് കെ. മാണി തന്നെയാകും ഇടത് സ്ഥാനാര്‍ത്ഥി എന്ന് വ്യക്തമാക്കിയാണ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പദയാത്ര നടത്തുന്നത്.
എന്നാല്‍ കാപ്പന്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ നേതാക്കള്‍ ഒഴിഞ്ഞുമാറി. ജൂനിയര്‍ മാന്‍ഡ്രേക്ക് പ്രയോഗത്തിലും മറുപടിയില്ല. ഇതിനിടെ എല്‍ഡിഎഫ് യോഗത്തില്‍ സിറ്റിംഗ് എംഎല്‍എമാരെ പങ്കെടുപ്പിക്കാത്തതില്‍ പാര്‍ട്ടിയില്‍ അതൃപ്തികള്‍ പുകയുകയാണ്. മുന്നണിയില്‍ ജോസ് കെ. മാണിയേക്കാള്‍ പ്രാധാന്യം നേടാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുകയാണെന്ന വികാരം ശക്തമാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്താന്‍ കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ വിട്ടു നിന്നതും ശ്രദ്ധേയമാണ്.