കോട്ടയം:തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് പൃഥ്വിരാജ് ചിത്രം ‘കടുവ'(Kaduva) പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു. ഇപ്പോഴിതാ ചിത്രം കാണാനായി ജോസ് കുരുവിനാക്കുന്നേൽ തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഈരാറ്റുപേട്ടയിലെ സൂര്യ തിയറ്ററിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്. അടിപൊളി സിനിമയാണെന്നും തിയറ്ററിൽ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്നും ഷോ കഴിഞ്ഞ ശേഷം അദ്ദേഹം പറയുന്നു.
കടുവ സിനിമയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കടുവ തിയറ്ററുകളിൽ എത്തിയത്.
ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് റിലീസ് ദിവസം മുതൽ കടുവ കാഴ്ചവയ്ക്കുന്നത്. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ആണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.
ഇതിനിടയിൽ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ പറയുകയും ചെയ്തിരുന്നു. സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകർ അറിയിച്ചിരുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്നെയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ‘കാപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘കൊട്ട മധു’ എന്ന കഥാപാത്രമായി പൃഥ്വി ചിത്രത്തിൽ എത്തുന്നു. മഞ്‍ജു വാര്യരാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കാപ്പ’.